| Saturday, 15th July 2023, 9:15 pm

എഫ്.ഐ.ആര്‍ ഉണ്ടായിട്ടും ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാതെ ദല്‍ഹി പൊലീസ്: പ്രിയങ്ക ചതുര്‍വേദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി എം.പിയും റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടും നടപടിയെടുക്കാത്തതില്‍ ദല്‍ഹി പൊലീസിനെ വിമര്‍ശിച്ച് ശിവസേന (യു.ബി.ടി) നേതാവും രാജ്യസഭാ എം.പിയുമായ പ്രിയങ്ക ചതുര്‍വേദി.

നിരവധി കുറ്റങ്ങള്‍ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയ പൊലീസ് സുപ്രീം കോടതി ഇടപെട്ടപ്പോഴാണ് എഫ്.ഐ.ആര്‍ രേഖപ്പെടുത്താന്‍ തയ്യാറായതെന്ന് ചതുര്‍വേദി ട്വീറ്റ് ചെയ്തു.

‘കുറ്റപത്രത്തില്‍ ഒരുപാട് കാര്യങ്ങള്‍ രേഖപ്പെടുത്തിയ ദല്‍ഹി പൊലീസ് സുപ്രീം കോടതി ഇടപെടുന്നത് വരെ എഫ്.ഐ.ആര്‍ രേഖപ്പെടുത്താന്‍ വിസമ്മതിക്കുകയായിരുന്നു. എഫ്.ഐ.ആറും വ്യക്തമായ കാരണങ്ങളുമുണ്ടായിട്ടും ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുന്നതിനെ കുറിച്ച് അവര്‍ ആലോചിക്കുന്നില്ല. എം.പി ഇപ്പോഴും പശ്ചാത്താപമില്ലാതെ നടക്കുകയാണ്,’ അവര്‍ പറഞ്ഞു.

ബ്രിജ് ഭൂഷണ്‍, വനിതാ ഗുസ്തി താരങ്ങളെ നിരന്തരം ലൈംഗികമായി ഉപദ്രവിച്ചെന്നും താരങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവുണ്ടെന്നും ദല്‍ഹി പൊലീസ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. ബ്രിജ് ഭൂഷണ്‍ സ്ഥിരം കുറ്റവാളിയെന്നും അതില്‍ പരാമര്‍ശമുണ്ട്.

അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ബ്രിജ് ഭൂഷണ്‍ വിചാരണ ചെയ്യപ്പെടാനും ശിക്ഷിക്കപ്പെടാനും ബാധ്യസ്ഥനാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

21 സാക്ഷികളായിരുന്നു സിങ്ങിനെതിരെ മൊഴി നല്‍കിയത്. ഇതില്‍ ആറ് പേര്‍ സി.ആര്‍.പി.സി 164 പ്രകാരമാണ് മൊഴി നല്‍കിയത്.

അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ബ്രിജ് ഭൂഷണെതിരെ ചുമത്തിയത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കം നാല് വകുപ്പുകളാണ് ബ്രിജ് ഭൂഷണെതിരെ കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്.

ഗുസ്തി താരങ്ങളുടെ മാസങ്ങളോളം നീണ്ട സമരത്തെ തുടര്‍ന്നാണ് ബ്രിജ്ഭൂഷണെതിരെ കേസെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതരായത്.

content highlights: Delhi Police did not arrest Brij Bhushan despite FIR: Priyanka Chaturvedi

We use cookies to give you the best possible experience. Learn more