ന്യൂദല്‍ഹി: രാജീവ് ചൗക്ക് മെട്രോ സ്‌ടേഷനില്‍ വിവാദ മുദ്രാവാക്യം വിളിച്ച ആറുപേരെ അറസ്റ്റുചെയ്തു. ദേശവിരുദ്ധരെ വെടിവെക്കണെമെന്ന് മുദ്രാവാക്യം വിളിച്ച ആറുപേരെയാണ് ശനിയാഴ്ച മെട്രോ സ്‌റ്റേഷനില്‍ നിന്ന് അറസ്റ്റുചെയ്തത്.
ആറു ആണ്‍കുട്ടികളാണ് സ്‌റ്റേഷനില്‍ ഇരുന്ന് മുദ്രാവാക്യം മുഴക്കികൊണ്ടിരുന്നതെന്ന് ദല്‍ഹി പൊലീസ് പറഞ്ഞു. രാജീവ് ചൗക്കില്‍ വെച്ചു തന്നെ അവരെ അറസ്റ്റുചെയ്‌തെന്നും ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
ദല്‍ഹി മെട്രോയിലെ ബ്ലൂലൈനിലെ ട്രൈയിനിനകത്തുവെച്ചും ദേശവിരുദ്ധരെ വെടിവെക്കണമെന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു.
ദല്‍ഹി മെട്രോയിലെ സുരക്ഷയുള്ള സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ ഇവരെ ദല്‍ഹി പൊലീസിന് കൈമാറുകയായിരുന്നു.
വിവാദ മുദ്രാവാക്യം ‘ഗോലിമാരോ’ പ്രചാരത്തിലാക്കിയത് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറാണ്. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണറാലിയിലായിരുന്നു താക്കൂറിന്റെ പരാമര്‍ശം.
അതിന് ശേഷം ഈ മുദ്രാവാക്യം നിരവധി പേര്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ വളിച്ചിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയതില്‍ ദല്‍ഹി ഹൈക്കോടതി അനുരാഗ് താക്കൂറുള്‍പ്പെടെ നാലുപേര്‍ക്കെതിരെ നടപടിയെടുക്കാനുള്ള ഹരജി പരിഗണിക്കുന്നുണ്ട്.
കാവി വസ്ത്രം ധരിച്ചവരാണ് വിവാദ മുദ്രാവാക്യം വിളിച്ചതെന്ന് പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്തു.