ന്യൂദല്‍ഹി: ഹരിയാനയിലെ അംബാലയില്‍നിന്നും യു.പിയിലെ ത്സാന്‍സിയിലേക്ക് യാത്രതിരിച്ച അതിഥി തൊഴിലാളികളെ ദല്‍ഹി പൊലീസ് തടവിലാക്കിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ്. സുഖ്‌ദേവ് വിഹാര്‍ മേല്‍പ്പാലത്തിന് സമീപത്തുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി സന്ദര്‍ശിച്ച തൊഴിലാളികളെയാണ് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
ദല്‍ഹി-ഫരീദാബാദ് അതിര്‍ത്തിക്ക് സമീപത്തുവെച്ചുള്ള മേല്‍പ്പാലത്തിന് സമീപത്തുകൂടി നാടുകളിലേക്ക് കാല്‍നടയായി മടങ്ങുകയായിരുന്ന അതിഥി തൊഴിലാളികളുമായാണ് രാഹുല്‍ സംസാരിച്ചതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. അംബാലയില്‍നിന്നും പണവും ജോലിയും ഭക്ഷണവും ഇല്ലാതായതോടെയാണ് തൊഴിലാളികള്‍ കൂട്ടത്തോടെ നാടുകളിലേക്ക് കാല്‍നടയായി മടങ്ങാന്‍ തീരുമാനിച്ചത്.
വിഷയത്തില്‍ ദല്‍ഹി പൊലീസ് ഇതുവരെ ഔദ്യോഗിക വിശദീകരണങ്ങള്‍ നല്‍കിയിട്ടില്ല. എന്നാല്‍, അതിഥി തൊഴിലാളികളെ തടങ്കലിലാക്കിയിട്ടുണ്ടെന്നും മുകളില്‍നിന്നുള്ള നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്നും പൊലീസുകാര്‍ പറഞ്ഞതായി കോണ്‍ഗ്രസ് ആരോപിച്ചു.
രാഹുല്‍ അതിഥി തൊഴിലാളികളുമായി സംസാരിക്കുന്നതിന്റെ ചിത്രങ്ങള്‍ കോണ്‍ഗ്രസ് മീഡിയാ സെല്‍ പുറത്തുവിട്ടു.
ലോക്ഡൗണിന് ശേഷം അതിഥി തൊഴിലാളികളോട് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന അനീതിയെ രാഹുല്‍ നിരന്തരം വിമര്‍ശിച്ചിരുന്നു. പ്രതിസന്ധിയില്‍ അടിയന്തിരമായി ഇടപെടണമെന്നും രാഹുല്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക