| Sunday, 28th May 2023, 3:42 pm

ഗുസ്തി താരങ്ങളുടെ സമരവേദി പൊളിച്ച് നീക്കി ദല്‍ഹി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുസ്തി താരങ്ങളുടെ സമരവേദികള്‍ പൊളിച്ച് നീക്കി ദല്‍ഹി പൊലീസ്. ജന്തര്‍ മന്തറില്‍ നിന്നും പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തിയതിനെ തുടര്‍ന്ന് ഗുസ്തി താരങ്ങളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി. സമരവേദിയിലെ കട്ടിലുകള്‍, മെത്തകള്‍, കൂളര്‍ ഫാനുകള്‍ തുടങ്ങിയ ഗുസ്തി താരങ്ങളുടെ സാമഗ്രികളെല്ലാം പൊലീസ് എടുത്ത് മാറ്റി.

പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. മാര്‍ച്ച് നടത്തിയ സാക്ഷി മാലിക്, ബജ്റംഗ് പൂനിയ, വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള താരങ്ങളെ പൊലീസ് കസ്റ്റഡിയിലും എടുത്തു. സമരത്തിന് പിന്തുണയുമായെത്തിയ നിവധി സ്ത്രീകളെയടക്കം പൊലീസ് അറസ്റ്റ് ചെയ്തു.

പതാക കൈയിലേന്തി പ്രതിഷേധിച്ച വിനേഷ് ഫോഗട്ടിനെ റോഡിലൂടെ പൊലീസ് വലിച്ചിഴച്ചു.

മഹിളാ പഞ്ചായത്തില്‍ പങ്കെടുക്കാനെത്തിയ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജഗ്മതി സാംഗ്വാന്‍ തുടങ്ങിയവരെയും വിദ്യാര്‍ത്ഥികളെയും ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.

സമരത്തില്‍ പങ്കെടുത്തവരെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തില്‍ കയറ്റിയത്. പൊലീസ് ശ്രമത്തെ താരങ്ങള്‍ ശക്തമായി തടഞ്ഞെങ്കിലും ബലപ്രയോഗത്തിലൂടെ താരങ്ങളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ദല്‍ഹി അതിര്‍ത്തിയില്‍ വെച്ച് തന്നെ താരങ്ങളെ പൊലീസ് തടഞ്ഞിരുന്നു. ബാരിക്കേഡ് മറികടന്ന് പോകാന്‍ ശ്രമിച്ചതോടെ താരങ്ങളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

തങ്ങളും രാജ്യത്തെ ജനങ്ങളാണെന്നും ഏതൊരു സാധാരണ വ്യക്തിയെ പോലെ തങ്ങള്‍ക്കും നടക്കാമെന്ന് താരങ്ങള്‍ പറഞ്ഞതായി എ.ബി.പി റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ലമെന്റിലേക്ക് സമാധാനപരമായി പ്രതിഷേധം നടത്താന്‍ പൊലീസ് അനുവദിക്കുന്നില്ലെന്നും താരങ്ങള്‍ പറഞ്ഞു.

പാര്‍ലമെന്റിന് മുന്‍പില്‍ സമാധാനപരമായി മഹിള മഹാ പഞ്ചായത്ത് സംഘടിപ്പിക്കുമെന്ന് നേരത്തെ താരങ്ങള്‍ അറിയിച്ചിരുന്നു. മഹിള പഞ്ചായത്തില്‍ എല്ലാവരും പങ്കെടുക്കണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ക്രമസമാധാനം പാലിക്കാത്തതിനാണ് ഗുസ്തി താരങ്ങളെ കസ്റ്റഡിയിലെടുത്തതെന്നാണ് ലോ ആന്‍ഡ് ഓര്‍ഡര്‍ സ്‌പെഷല്‍ സി.പി. ദീപേന്ദ്ര പഥകിന്റെ വാദം.

അനുമതിയെടുക്കാത്തത് കൊണ്ട് തന്നെ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താന്‍ അനുവദിക്കില്ലെന്ന് ഇന്ന് രാവിലെ തന്നെ അദ്ദേഹം പറഞ്ഞിരുന്നു. ഒരു രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും പാര്‍ലമെന്റ് മന്ദിരത്തിലേക്ക് അനുവദിക്കില്ലെന്നാണ് പൊലീസ് പറഞ്ഞത്.

ഗുസ്തി താരങ്ങളുടെ മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ ദല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.
ഖാപ് പഞ്ചായത്ത് നേതാക്കളും കര്‍ഷകരും മാര്‍ച്ചില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ ഐ.ടി.ഒ റോഡിനും ടിക്രി അതിര്‍ത്തിക്കും സിംഘു അതിര്‍ത്തി പ്രദേശത്തിനും സമീപം ദല്‍ഹി പൊലീസ് നേരത്തെ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.

മാര്‍ച്ചില്‍ വനിതാ സമരക്കാരെയടക്കം വലിച്ചിഴച്ചതില്‍ അപലപിച്ച് ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സാക്ഷി മലിവാല്‍ രംഗത്തെത്തി.

‘ഈ സ്ത്രീകള്‍ വിദേശ മണ്ണില്‍ ത്രിവര്‍ണ പതാകയുയര്‍ത്തിയവരാണ്. എന്നാല്‍ ഇന്ന് ഈ പെണ്‍മക്കള്‍ വലിച്ചിഴക്കുകയും പതാകയെ റോഡിലിട്ട് അപമാനിക്കുകയും ചെയ്യുന്നു,’ അവര്‍ പറഞ്ഞു.

35 ദിവസമായി ബജ്റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് തുടങ്ങിയ ഗുസ്തി താരങ്ങള്‍ മുന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം നടത്തുകയാണ്. നിലവില്‍ രണ്ട് എഫ്.ഐ.ആറുകളാണ് ഭൂഷണെതിരെ ദല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

content highlight: Delhi Police demolished the venue of the wrestling players

We use cookies to give you the best possible experience. Learn more