'അക്രമാസക്തമായ കലാപമായിരുന്നു ലക്ഷ്യ'മെന്ന് സഫൂറ പറഞ്ഞതായി ദല്‍ഹി പൊലീസിന്റെ കുറ്റപത്രം; ഒപ്പുവെക്കാതെ സഫൂറ സര്‍ഗാര്‍
national news
'അക്രമാസക്തമായ കലാപമായിരുന്നു ലക്ഷ്യ'മെന്ന് സഫൂറ പറഞ്ഞതായി ദല്‍ഹി പൊലീസിന്റെ കുറ്റപത്രം; ഒപ്പുവെക്കാതെ സഫൂറ സര്‍ഗാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd September 2020, 10:30 am

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് മതനിരപേക്ഷ മുഖം നല്‍കി ‘അക്രമാസക്തമായ കലാപത്തിന്’ തുടക്കമിടുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് സഫൂറ സര്‍ഗാര്‍ പറഞ്ഞതായി ദല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ കുറ്റപത്രം. ജാമിഅ മില്ലിയ കോഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയ കോഡിനേറ്ററായ സഫൂറ സര്‍ഗാറിന്റെ ‘വെളിപ്പെടുത്തല്‍ മൊഴി’ എന്ന രീതിയില്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖയിലാണ് ഈ ആരോപണം.

എന്നാല്‍ തന്റെ മൊഴി എന്ന രീതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സഫൂറ സര്‍ഗാര്‍ ഒപ്പ് വെക്കാന്‍ വിസമ്മതിച്ചിട്ടുണ്ട്.

പൗരത്വ നിയമത്തിനെതിരെ വടക്ക് കിഴക്കന്‍ ദല്‍ഹിയിലുണ്ടായ കലാപങ്ങളുടെ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് കഴിഞ്ഞ ഏപ്രിലില്‍ ഗര്‍ഭിണിയായ സഫൂറ സര്‍ഗാറിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുന്നത്.

ജാമിഅമില്ലിയ സര്‍വകലാശാലയിലെ ഫീസ് വര്‍ധനവിനെതിരെയുള്ള സമരങ്ങളിലടക്കം നിരവധി പ്രതിഷേധങ്ങളില്‍ താന്‍ പങ്കെടുത്തതായി സഫൂറ സര്‍ഗാര്‍ പറഞ്ഞതായി ദല്‍ഹി പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു.

സഫൂറ സര്‍ഗാര്‍ ഒരു വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നും പിന്നീട് ചില ‘അനാവശ്യ നുഴഞ്ഞു കയറ്റം’ ഉണ്ടായതിനെതുടര്‍ന്ന് അത് നീക്കം ചെയ്തതായും പിന്നീട് വീണ്ടും വാട്ട്‌സാപ്പും ഫേസ്ബുക്കും ട്വിറ്ററും ഉള്‍പ്പെടെയുള്ള അക്കൗണ്ടുകള്‍ ഉണ്ടാക്കിയതായും കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

‘ജാമിഅ കോഡിനേഷന്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ടും, കലാപത്തില്‍ എന്റെ പങ്ക് വ്യക്തമാക്കുന്ന വിവരങ്ങളും ഉള്ളതിനാല്‍ ഞാന്‍ എന്റെ വാട്ട്‌സ്ആപ്പ് അക്കൗണ്ടും അനുബന്ധ വിവരങ്ങളും ഡിലീറ്റ് ചെയ്തു,’ സഫൂറ സര്‍ഗാര്‍ പറഞ്ഞതായി കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

കലാപത്തില്‍ യു.എ.പി.എ ചുമത്തി അറസ്റ്റിലാക്കപ്പെട്ട മറ്റൊരു ജാമിഅ വിദ്യാര്‍ത്ഥിയായ മീരാന്‍ ഹൈദറിനെതിരെയുള്ള കുറ്റപത്രത്തില്‍ ഡിസംബര്‍ 15ന് സര്‍വ്വകലാശാലയില്‍ നടന്ന കലാപത്തില്‍ പങ്കെടുത്തതായും ഒരു ബസ് കത്തിച്ചതായും അദ്ദേഹം പറഞ്ഞതായി ആരോപിക്കുന്നുണ്ട്. മുമ്പ് ആംആദ്മി പാര്‍ട്ടിയിലുണ്ടായിരുന്ന ഖാലിദ് സൈഫിയെ അറിയാമായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഷാഹീന്‍ ബാഗ് ആയിരുന്നു ജെ.സി.സിയുടെ ആദ്യത്തെ പദ്ധതിയെന്നും അത് വിജയകരമായി നടപ്പാക്കിയതിന് പിന്നാലെ 20 സ്ഥലങ്ങളില്‍ പ്രതിഷേധത്തിന് പദ്ധതിയിട്ടിരുന്നെന്നും മീരാന്‍ ഹൈദര്‍ പറഞ്ഞതായും അദ്ദേഹത്തിനെതിരെയുള്ള കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

ഹൈദര്‍ കലാപത്തിനായി അഞ്ച് ലക്ഷം രൂപയോളം വിതരണം ചെയ്തുവെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: Delhi police charge sheet against Safoora Zargar alleges ‘they planned to violence protest’ as she claimed; she refused to sign