ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടർന്ന് ശത്രുത പ്രോത്സാഹിപ്പിക്കുകയും ക്രിമിനൽ ഗൂഢാലോചന നടത്തുകയും ചെയ്തെന്നാരോപിച്ച് മനുഷ്യാവകാശ പ്രവർത്തകൻ നദീം ഖാനെതിരെ കേസ്. അദ്ദേഹം പോസ്റ്റ് ചെയ്ത വീഡിയോ പ്രദേശവാസികൾക്കിടയിൽ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് ആരോപിച്ച് ദൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
2020 മുതൽ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സിൻ്റെ (APCR) ദേശീയ സെക്രട്ടറിയാണ് ഖാൻ. ശനിയാഴ്ച കേസ് രജിസ്റ്റർ ചെയ്തതായി ഡി.സി.പി (സൗത്ത് ഈസ്റ്റ്) രവികുമാർ സിങ് സ്ഥിരീകരിച്ചു.
തങ്ങൾക്ക് കിട്ടിയ രഹസ്യ സ്രോതസുകൾ വഴിയാണ് വീഡിയോയുടെ വിവരം ലഭിച്ചതെന്നും ഉടൻ തന്നെ നടപടിയെടുത്തെന്നും ഡി.സി.പി പറഞ്ഞു. ഖാൻ പോസ്റ്റ് ചെയ്ത വീഡിയോ നാട്ടുകാരിൽ വലിയ രോഷം ഉളവാക്കുന്നതും അക്രമത്തിലേക്ക് നയിച്ചേക്കാവുന്നതുമാണെന്നാണ് പൊലീസിന്റെ വാദം.
സംഭവത്തിൽ പരാതി നൽകിയ എസ്.ഐ വീഡിയോ വൈറലായതായി കണ്ടെത്തി. നവംബർ 21ന് ‘അക്രം ഒഫീഷ്യൽ 50’ എന്ന ചാനലാണ് ‘റെക്കോർഡ്‌സ് ഓഫ് ഹിന്ദുസ്ഥാൻ ഇൻ മോദി സർക്കാർ’ എന്ന പേരിൽ വീഡിയോ യുട്യൂബിൽ പോസ്റ്റ് ചെയ്തത്.
2.50 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഒരു എക്സിബിഷൻ സ്റ്റാളിൽ ഡിസ്പ്ലേ ബോർഡുകൾക്ക് മുന്നിൽ നിൽക്കുന്ന ഒരാളെ കാണിക്കുന്നു. അദ്ദേഹം ഒരു ബാനറിന് നേരെ ആംഗ്യം കാണിച്ച് ‘നദീം, അഖ്‌ലാഖ്, രോഹിത് വെമുല, പെഹ്‌ലു ഖാൻ, ഷഹീൻ ബാഗിലെ 2020 ലെ സി.എ.എ/ എൻ.ആർ.സി പ്രതിഷേധങ്ങൾ , ദൽഹി കലാപം എന്നിവയെക്കുറിച്ച് സംസാരിക്കുന്നു. ഈ വീഡിയോയിൽ സംസാരിക്കുന്നത് ഖാൻ ആണെന്ന് പൊലീസ് സ്ഥിരീകരിക്കുകയും അദ്ദേഹത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
ഭാരതീയ ന്യായ സൻഹിത സെക്ഷൻ 196, 353(2), 61 എന്നിവ പ്രകാരം അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ട്വിറ്ററിലെ ഏതാനും സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രേരണയിൽ ഖാനെ ലക്ഷ്യമിട്ട് ദൽഹി പൊലീസ് അദ്ദേഹത്തെ വേട്ടയാടുന്നത് ഞെട്ടിക്കുന്നതാണെന്ന് പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (PUCL) പ്രസ്താവനയിൽ പറഞ്ഞു.
‘ശനിയാഴ്ച, വൈകുന്നേരം അഞ്ച് മണിയോടെ ദൽഹിയിലെ ഷഹീൻ ബാഗ് പൊലീസ് സ്റ്റേഷനിലെ എസ് .എച്ച്.ഒ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർ ഖാൻ താമസിക്കുന്ന ബംഗളൂരുവിലെ സ്വകാര്യ വസതിയിലേക്ക് വരികയും ഒരു വാറൻ്റും അറിയിപ്പും കൂടാതെ അദ്ദേഹത്തെ തടങ്കലിൽ വയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. വൈകിട്ട് 5 മുതൽ രാത്രി 9 വരെ അവർ വീടിൻ്റെ ഒന്നാം നിലയിലെ ഹാളിൽ ഇരുന്നു. പിന്നീട് അദ്ദേഹത്തെ സ്വമേധയാ ദൽഹിയിലേക്ക് വരാൻ നിർബന്ധിക്കുകയും ചെയ്തു,’ പി.യു.സി.എൽ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ഈ ആരോപണങ്ങളോട് ദൽഹി പൊലീസ് പ്രതികരിച്ചിട്ടില്ല.
Content Highlight: Delhi Police book human rights activist Nadeem Khan for ‘promoting enmity, criminal conspiracy