കെ റെയിലിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് എം.പിമാരെ മര്‍ദ്ദിച്ച് ദല്‍ഹി പൊലീസ്; ഹൈബി ഈഡന്റെ മുഖത്തടിച്ചു; പുരുഷ പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് രമ്യ ഹരിദാസ്
Kerala News
കെ റെയിലിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് എം.പിമാരെ മര്‍ദ്ദിച്ച് ദല്‍ഹി പൊലീസ്; ഹൈബി ഈഡന്റെ മുഖത്തടിച്ചു; പുരുഷ പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് രമ്യ ഹരിദാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th March 2022, 11:18 am

ന്യൂദല്‍ഹി: ലോകസഭ ചേരുന്നതിന് മുന്നോടിയായി സില്‍വര്‍ലൈന്‍- കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ച കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാര്‍ക്കെതിരെ ദല്‍ഹി പൊലീസിന്റെ മര്‍ദ്ദനം.

ഇന്ന് 11 മണിക്ക് ലോക്‌സഭ ചേരാനിരിക്കെ യു.ഡി.എഫ് എം.പിമാര്‍ നടത്തിയ പ്രതിഷേധമാണ് പൊലീസ് അക്രമത്തിലൂടെ തടഞ്ഞത്.

വിജയ് ചൗക്കില്‍ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി എം.പിമാര്‍ മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു പൊലീസ് തടഞ്ഞതും എം.പിമാരെ മര്‍ദ്ദിച്ചതും.

ബെന്നി ബെഹനാന്‍, ടി.എന്‍. പ്രതാപന്‍, ഹൈബി ഈഡന്‍, രമ്യ ഹരിദാസ്, കെ. മുരളീധരന്‍ എന്നിവരടക്കമുള്ള എം.പിമാരെയാണ് പൊലീസ് മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ഹൈബി ഈഡന്റെ മുഖത്ത് പൊലീസ് അടിക്കുന്നതും, ടി.എന്‍. പ്രതാപനെ പിടിച്ച് തള്ളുന്നതും ദൃശ്യങ്ങളില്‍ കാണാം.

പുരുഷ പൊലീസുകാര്‍ തന്നെ മര്‍ദ്ദിച്ചെന്ന് രമ്യ ഹരിദാസ് എം.പി ആരോപിച്ചു.

Content Highlight: Delhi police attacks Congress MPs from Kerala, who protested against K Rail