ന്യൂദല്‍ഹി: ടൂള്‍ക്കിറ്റ് ആരോപണത്തില്‍ ബി.ജെ.പി ഐ.ടി സെല്‍ മേധാവി സംപിത് പത്രക്കെതിരേയുള്ള അന്വേഷത്തില്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ദല്‍ഹി പൊലീസ് നോട്ടീസ് അയച്ചു. രാജീവ് ഗൗഢ, റോഹന്‍ ഗുപ്ത എന്നിവര്‍ക്കാണ് ദല്‍ഹി പൊലീസ് നോട്ടീസയച്ചത്.
അതേസമയം തങ്ങളുടെ പരാതി നിലവില്‍ ഛത്തീസ്ഗഢ് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അതുമായി മുന്നോട്ടുപോകാനാണ് താല്പ്പര്യമെന്നുമാണ് രാജീവ് ഗൗഢ ദല്‍ഹി പൊലീസിനെ അറിയിച്ചത്.
മെയ് 18ലെ ട്വീറ്റുമായി ബന്ധപ്പെട്ടാണ് സംപിത് പത്രക്കെതിരേ ഛത്തിസ്ഗഢിലും രാജസ്ഥാനിലും അന്വേഷണം നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ട്വിറ്റര്‍ ഇന്ത്യ ആസ്ഥാനത്ത് ദല്‍ഹി പൊലീസ് പരിശോധനയും നടത്തിയിരുന്നു.
വ്യാജമായ ഉള്ളടക്കങ്ങള്‍ പങ്കുവെക്കുമ്പോള്‍ കൃത്രിമം എന്ന ലേബല്‍ ചെയ്യുകയോ അല്ലെങ്കില്‍ ഉള്ളടക്കം നീക്കം ചെയ്യുകയോ വേണം എന്നാണ് ട്വിറ്ററിന്റെ നയം.
തുടര്‍ന്ന് സംപിത് പത്രയ്ക്കും മുന്‍ ഛത്തീസ്ഗഡ് മന്ത്രി രമണ്‍ സിംഗിനുമെതിരെ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യു.ഐ പരാതി നല്‍കുകയും ചെയ്തിരുന്നു. പരാതി പരിഗണിച്ച ഛത്തീസ്ഗഢ് പൊലീസ് കേസില്‍ ഇരുവര്‍ക്കുമെതിരെ സമന്‍സ് അയയ്ക്കുകയും ചെയ്തിരുന്നു.
നേരത്തെ സംപിത് പത്ര പങ്കുവെച്ച രേഖകള്‍ കൃത്രിമമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.