ന്യൂദല്‍ഹി: ആം ആദ്മി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ മദ്യനയക്കേസില്‍ സി.ബി.ഐ ചോദ്യം ചെയ്യുന്നതിനെതിരെ പ്രതിഷേധിച്ച നേതാക്കളെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്. ദല്‍ഹി ക്യാബിനറ്റിലെ മുഴുവന്‍ എം.പിമാര്‍, പഞ്ചാബിലെ നാല് മന്ത്രിമാര്‍, രാഘവ് ചദ്ദ, സഞ്ജയ് സിങ്, ജാസ്മിന്‍ ഷാ, സന്ദീപ് പഥക് ഉള്‍പ്പെടെയുള്ള ആം ആദ്മി നേതാക്കളെയാണ് പൊലീസ് അറ്സ്റ്റ് ചെയ്തത്.
1500 ഓളം ആം ആദ്മി നേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ആം ആദ്മി നേതാവും ദല്‍ഹി മന്ത്രിയുമായ ഗോപാല്‍ റായ് ട്വീറ്റ് ചെയ്തു.
‘ദല്‍ഹി പൊലീസ് 1500 പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. അതില്‍ 1379 പേര്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കൊണ്ടുപോയിട്ടുണ്ട്. മറ്റുള്ളവരെ ബസില്‍ കൊണ്ട് പോകുകയായിരുന്നു,’ അദ്ദേഹം പറഞ്ഞു.
അരവിന്ദ് കെജ്‌രിവാളിന്റെ വര്‍ധിച്ചുവരുന്ന ജനപ്രീതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയപ്പെടുന്നുവെന്ന് ദല്‍ഹി ക്യാബിനറ്റ് മന്ത്രി അതിഷി എന്‍.ഐയോട് പറഞ്ഞു.
‘മോദിയുടെ ഭയം കൊണ്ടാണ് എ.എ.പി നേതാക്കളെ ജയിലില്‍ അടക്കുന്നത്. അരവിന്ദ് കെജ്‌രിവാളിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതും ഭയം കൊണ്ടാണ്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.
സമാധാനപരമായി സമരം ചെയ്യുന്നതിനാണ് പൊലീസ് തങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് രാജ്യസഭാ എം.പി കൂടിയായ രാഘവ് ചദ്ദ പറഞ്ഞതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം എല്ലാ ചോദ്യങ്ങള്‍ക്കും സഹകരിക്കുമെന്നും സത്യസന്ധമായ ഉത്തരങ്ങള്‍ നല്‍കുമെന്നും ചോദ്യം ചെയ്യലില്‍ ഹാജരാകുന്നതിന് തൊട്ടുമുമ്പ് കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബി.ജെ.പിക്ക് എത്ര വേണമെങ്കിലും ഭീഷണിപ്പെടുത്താമെന്നും പൊള്ളയായ ഭീഷണികളില്‍ തങ്ങള്‍ പിന്തിരിഞ്ഞോടില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ആം ആദ്മി നേതാവ് മനീഷ് സിസോദിയയെ മദ്യനയക്കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി 26നായിരുന്നു സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്. 2021-22 വര്‍ഷത്തേക്കുള്ള എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി നടത്തിയെന്നാണ് സിസോദിയക്ക് എതിരായ കേസ്.
അന്വേഷണത്തോട് സിസോദിയ സഹകരിച്ചില്ലെന്ന് സി.ബി.ഐ ആരോപിച്ചെങ്കിലും ഇത് തെറ്റാണെന്നും താന്‍ ആദ്യഘട്ടം മുതല്‍ അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചിരുന്നുവെന്നും സിസോദിയ ഹരജിയില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ സിസോദിയയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാക്കള്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
മമത ബാനര്‍ജി, കെ.ചന്ദ്രശേഖര്‍ റാവു, ഭഗ്വന്ദ് മാന്‍, തേജസ്വി യാദവ്, ഉദ്ധവ് താക്കറേ, ഫറൂഖ് അബ്ദുല്ല, അഖിലേഷ് യാദവ് എന്നിവര്‍ സംയുക്തമായാണ് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയത്.
content highlight: delhi police arrested aam admi leaders