ദീപ് സിദ്ദുവിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് വന്‍തുക വാഗ്ദാനം ചെയ്ത് ദല്‍ഹി പൊലീസ്
national news
ദീപ് സിദ്ദുവിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് വന്‍തുക വാഗ്ദാനം ചെയ്ത് ദല്‍ഹി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd February 2021, 12:27 pm

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ ചെങ്കോട്ടയിലെത്തി നടത്തിയ പ്രതിഷേധത്തിലും തുടര്‍ന്നുണ്ടായ സംഭവങ്ങളിലും പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദുവിനായി തിരച്ചില്‍ ശക്തമാക്കി ദല്‍ഹി പൊലീസ്. ദീപ് സിദ്ദുവിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 1 ലക്ഷം തുക നല്‍കുമെന്നാണ് പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ദീപ് സിദ്ദുവിനെ പിടികൂടാന്‍ സഹായിക്കുന്ന വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് ഇനാം നല്‍കുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. ദീപ് സിദ്ദുവിനൊപ്പം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ജഗ്ബീര്‍ സിംഗ്, ബുട്ടാ സിംഗ്, സുഖ്‌ദേവ് സിംഗ്, ഇക്ബാല്‍ സിംഗ് എന്നിവരെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുന്നവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

ചെങ്കോട്ടയിലെ അക്രമസംഭവങ്ങളില്‍ പൊലീസ് അന്വേഷിക്കുന്ന 12 പേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ഇവര്‍ ചെങ്കോട്ടയില്‍ നടന്ന അക്രമങ്ങളിലും പൊലീസിനെതിരെ നടന്ന ആക്രമണങ്ങളിലും പ്രധാനികളായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തില്‍ 122 പേര്‍ക്കെതിരെയായി 44 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കര്‍ഷകനേതാക്കള്‍, രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് പൊലീസ് പ്രധാനമായും കേസെടുത്തിരിക്കുന്നത്.

അതേസമയം നേരത്ത നിശ്ചയിച്ചിരുന്ന വഴിയില്‍ നിന്നും ആളുകളെ മാറ്റിയതും ചെങ്കോട്ടയിലേക്ക് എത്തിച്ചതും ദീപ് സിദ്ദുവാണെന്നും ഇയാള്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്റാണെന്നുമാണ് സമരക്കാര്‍ പ്രതികരിച്ചത്. കര്‍ഷക സമരത്തെ ഇല്ലാതാക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കങ്ങളെന്നും ഇവര്‍ അറിയിച്ചിരുന്നു. ദീപ് സിദ്ദു ഒരു കര്‍ഷക സംഘടനയുടെയും ഭാഗമല്ലെന്നും ഇവര്‍ അറിയിച്ചിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കര്‍ഷകര്‍ക്ക് ലഭിക്കുന്ന പിന്തുണ കേന്ദ്ര സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ലോക പ്രശസ്ത പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് തുടങ്ങിയവര്‍ പ്രതിഷേധ സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചതിനെ രംഗത്തെത്തിയിരുന്നു. റിഹാനയുടെയും ഗ്രെറ്റയുടെയും ട്വീറ്റുകള്‍ വ്യാപകമായി റീട്വീറ്റ് ചെയ്യപ്പെടുന്നുണ്ട്. ഇതോടുകൂടി #farmersprotets എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്.

മോദി സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ട് മാസത്തിലേറെയായി തെരുവില്‍ പ്രതിഷേധിക്കുകയാണ് കര്‍ഷകര്‍. ഇതുവരെയും കാര്‍ഷിക നിയങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് അന്തിമമായ ഒരു തീരുമാനം കേന്ദ്രം എടുത്തിട്ടില്ല. ഒക്ടോബര്‍ വരെ കേന്ദ്ര സര്‍ക്കാരിന് സമയം നല്‍കിയിരിക്കുകയാണെന്നും അതിനുള്ളില്‍ നടപടിയുണ്ടായില്ലെങ്കില്‍ രാജ്യവ്യാപക ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷക നേതാവ്് രാകേഷ് ടികായത് പറഞ്ഞു. നാല്‍പത് ലക്ഷം ട്രാക്ടറുകള്‍ അണിനിരക്കുമെന്നും അദ്ദേഹം അറിയിച്ചു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ച സാഹചര്യത്തിലും തങ്ങളുടെ തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ കര്‍ഷകര്‍ തയ്യാറായിട്ടില്ല. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകമായൊരു ബജറ്റ് നടത്തണമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത് പറഞ്ഞിരുന്നു. കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം കര്‍ഷകര്‍ക്ക് കൂടുതല്‍ പിന്തുണയുമായി പഞ്ചാബ് സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ദല്‍ഹി പൊലീസ് കേസ് ചുമത്തിയ കര്‍ഷകര്‍ക്ക് നിയമസഹായം വേഗത്തില്‍ നല്‍കാനുള്ള നടപടികള്‍ പഞ്ചാബ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അറിയിച്ചു. ഇതിനായി 70 അഭിഭാഷകരുടെ ഒരു സംഘത്തെ ദല്‍ഹിയില്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ദല്‍ഹിയിലെ ട്രാക്ടര്‍ റാലിക്കിടെ കാണാതായ കര്‍ഷകരുടെ പ്രശ്‌നത്തില്‍ നേരിട്ട് ഇടപെടുമെന്നും ഈ വ്യക്തികള്‍ സുരക്ഷിതമായി വീട്ടിലെത്തുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹായത്തിനായി 112 എന്ന നമ്പറില്‍ വിളിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷക പ്രതിഷേധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അമരീന്ദര്‍ സിംഗ് ചൊവ്വാഴ്ച സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Delhi Police 1 Lakh Reward Announced For Leads On Actor Deep Sidhu