| Wednesday, 12th February 2020, 8:39 pm

'ഇരുണ്ട ഭരണത്തില്‍ കുറച്ച് വെളിച്ചം കൊണ്ടു വന്നിരിക്കുകയാണ് രാജ്യതലസ്ഥാനത്തെ ജനങ്ങള്‍'; ആം ആദ്മിയുടെ വിജയത്തെ അഭിനന്ദിച്ച് തരിഗാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആം ആദ്മിയെ പ്രശംസിച്ചും കേന്ദ്രത്തെ പരിഹസിച്ചും സി.പി.ഐ.എം മുതിര്‍ന്ന നേതാവ് യൂസഫ് തരിഗാമി. ഇരുണ്ട ഭരണത്തില്‍ കുറച്ച് വെളിച്ചം കൊണ്ടു വന്നിരിക്കുകയാണ് രാജ്യതലസ്ഥാനത്തെ ജനങ്ങള്‍ എന്നാണ് അദ്ദേഹം പറഞ്ഞത്.

” നിലവിലെ ഇരുട്ട് നിറഞ്ഞ ഭരണവ്യവസ്ഥയില്‍ ആം ആദ്മിയുടെ വിജയം പ്രതീക്ഷ കൊണ്ടുവരുന്നതാണ്,” ആം ആദ്മിയെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

” നമുക്ക് സര്‍ക്കാറില്‍ വിശ്വാസമില്ല, പക്ഷേ രാജ്യത്തെ ജനങ്ങളില്‍ വിശ്വാസമുണ്ട്. ഇന്നലെ ദല്‍ഹിയില്‍ സംഭവിച്ചത് നമുക്ക് പ്രതീക്ഷ നല്‍കുന്നതാണ്,” തരിഗാമി കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആം ആദ്മിയെ അഭിനന്ദിക്കുന്നതിനോടൊപ്പം തന്നെ കശ്മീര്‍ താഴ് വരയില്‍ നിരന്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നകേന്ദ്രസര്‍ക്കാറിന്റെ നടപടിക്കെതിരെ തരിഗാമി വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.

ജമ്മുകശ്മീരിനെ തീഹാര്‍ ജയിലിനോട് ഉപമിച്ചുകൊണ്ടാണ് അദ്ദേഹം കേന്ദ്രസര്‍ക്കാറിനെ പരിഹസിച്ചത്.

ജമ്മു കശ്മീരിനെ സെന്‍ട്രല്‍ ജയിലായി പ്രഖ്യാപിച്ചാല്‍ ഇടയ്ക്കിടെ പൊതുസുരക്ഷ നിയമങ്ങള്‍ പോലുള്ള നിര്‍ദ്ദയമായ നിയമങ്ങള്‍ പൗരന്മാര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കേണ്ടി വരില്ലെന്ന് അദ്ദേഹം കേന്ദ്രത്തെ വിമര്‍ശിച്ചു കൊണ്ട് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

” ജമ്മു കശ്മീരില്‍ ഒരിക്കലും ഷാഹീന്‍ബാഗ് സംഭവിക്കില്ല. കാരണം തീഹാര്‍ ജയിലില്‍ ഒരിക്കലും ഷാഹീന്‍ബാഗ് പോലെയുള്ള പ്രതിഷേധങ്ങള്‍ നടക്കില്ല,” തരിഗാമി പറഞ്ഞു.

We use cookies to give you the best possible experience. Learn more