ദല്‍ഹി ഓര്‍ഡിനന്‍സ്: പ്രതിപക്ഷ പിന്തുണ തേടിയുള്ള കെജ്‌രിവാള്‍ യാത്ര തുടരുന്നു; താക്കറേയെയും പവാറിനെയും സന്ദര്‍ശിക്കും
national news
ദല്‍ഹി ഓര്‍ഡിനന്‍സ്: പ്രതിപക്ഷ പിന്തുണ തേടിയുള്ള കെജ്‌രിവാള്‍ യാത്ര തുടരുന്നു; താക്കറേയെയും പവാറിനെയും സന്ദര്‍ശിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th May 2023, 10:07 am

ന്യൂദല്‍ഹി: ദല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ കവരുന്ന കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷത്തിന്റെ പിന്തുണ തേടിയുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ശ്രമം തുടരുന്നു. ബുധനാഴ്ച ശിവസേന (യു.ബി.ടി) അധ്യക്ഷന്‍ ഉദ്ധവ് താക്കറേയും എന്‍.സി.പി നേതാവ് ശരദ് പവാറിനെയും കെജ്‌രിവാള്‍ സന്ദര്‍ശിക്കും.

കഴിഞ്ഞ ദിവസം കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ പിന്തുണ തേടിയിരുന്നു. ആം ആദ്മി നേതാക്കളായ രാഘവ് ഛദ്ദയും സഞ്ജയ് സിങ്ങും ഒപ്പമുണ്ടായിരുന്നു.

ഈ അവസരത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ച് നില്‍ക്കണമെന്ന് പറഞ്ഞ മമത ഓര്‍ഡിനന്‍സിനെ എതിര്‍ക്കുമെന്ന് കൂടിക്കാഴ്ചക്ക് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘ബി.ജെ.പി ജുഡീഷ്യറിയെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ സുപ്രീം കോടതി വിധികളെ പോലും മാനിക്കുന്നില്ല. അവര്‍ ഭരണഘടനയെ മാറ്റിയേക്കുമെന്നും ഞങ്ങള്‍ ഭയക്കുന്നു. ബി.ജെ.പി ഈ രാജ്യത്തിന്റെ പേര് തന്നെ മാറ്റിയേക്കും. ഈ സര്‍ക്കാര്‍ ജനങ്ങളുടേതല്ല, ഏജന്‍സികളുടെ സ്വന്തം സര്‍ക്കാരായിരിക്കുന്നു. ബി.ജെ.പി സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വേണ്ടി, ഏജന്‍സികളാല്‍, ഏജന്‍സികളില്‍ നിന്ന് രൂപപ്പെട്ടതാണ്,’ മമത പറഞ്ഞു.

നേരത്തെ ഓര്‍ഡിനന്‍സിനെതിരെ പോരാടുന്ന കെജ്‌രിവാളിന് ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവും നേരിട്ടെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തില്‍ ആം ആദ്മിക്കൊപ്പമാണെന്നും ഇരുവരും പ്രഖ്യാപിച്ചു.

വിഷയത്തെ പ്രതിപക്ഷ കൂട്ടായ്മയിലൂടെ നേരിടാന്‍ തന്നെയാണ് കെജ്‌രിവാള്‍ തീരുമാനം. ഓര്‍ഡിനന്‍സിനെതിരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ തേടുമെന്നും കെജ്‌രിവാള്‍ അറിയിച്ചിരുന്നു.

‘വര്‍ഷങ്ങള്‍ക്ക് ശേഷം സുപ്രീം കോടതി ഒരു ഉത്തരവ് പുറപ്പെടുവിക്കുകയും ദല്‍ഹിയുടെ അവകാശം ജനങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സിലൂടെ ഈ അവകാശങ്ങളെല്ലാം എടുത്ത് കളഞ്ഞിരിക്കുകയാണ്.

ഒരു കാരണവശാലും ഈ ഓര്‍ഡിനന്‍സ് രാജ്യസഭയില്‍ പാസാക്കാന്‍ അനുവദിക്കരുത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും അധ്യക്ഷന്മാരെ കണ്ട് പിന്തുണ തേടും,’ ദല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ കോണ്‍ഗ്രസിന്റെ നിലപാടാണ് ഇവിടെ വെല്ലുവിളിയാകുന്നത്. ഓര്‍ഡിനന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇത് വരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് കോണ്‍ഗ്രസ് സംഘടനകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചത്. സംസ്ഥാന ഘടകങ്ങളുമായി ചര്‍ച്ച ചെയ്യുമെന്നായിരുന്നു തിങ്കളാഴ്ച അദ്ദേഹം ട്വീറ്റ് ചെയ്തത്.

കെജ്‌രിവാളിനെ കണ്ണടച്ച് വിശ്വസിക്കരുതെന്നും ഓര്‍ഡിനന്‍സിനെ കോണ്‍ഗ്രസ് എതിര്‍ക്കേണ്ടതില്ലെന്നും ദല്‍ഹി കോണ്‍ഗ്രസ് നേതാവ് അജയ് മാക്കാനും പറഞ്ഞു.

നിലവില്‍ നോക്കുമ്പോള്‍ പ്രതിപക്ഷത്തിന് രാജ്യസഭയില്‍ കോണ്‍ഗ്രസിന്റേത് ഉള്‍പ്പെടെ ആകെ 91 സീറ്റുകളാണുള്ളത്.

ദല്‍ഹിയിലെ ഉദ്യോഗസ്ഥ നിയമന- സ്ഥലമാറ്റ അധികാരം ദല്‍ഹി സര്‍ക്കാരിന് നല്‍കി കൊണ്ട് സുപ്രീം കോടതി വിധി പറഞ്ഞിരുന്നു. എന്നാല്‍ അത് മറിക്കടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 19ന് തിരക്കിട്ട് ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു. ആറ് മാസത്തിനകം പാര്‍ലമെന്റില്‍ ഓര്‍ഡിനന്‍സ് പാസാകണം. പാസാക്കാതിരിക്കാണമെങ്കില്‍ രാജ്യസഭയിലെ പ്രതിപക്ഷ വോട്ടുകള്‍ കെജ്‌രിവാളിന് ലഭിക്കേണ്ടതുണ്ട്.

content highlight: Delhi Ordinance: Kejriwal’s journey to seek opposition support continues; Thackeray and Sharad Pawar will be visited