ക്രിക്കറ്റ് ലോകത്തെ ഏറ്റവും ആവേശകരമായ മത്സരങ്ങളിൽ ഉൾപ്പെടുന്നതാണ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടങ്ങൾ. ഏത് വേദിയിൽ വെച്ച് നടന്നാലും ആവേശം കൊണ്ടും മത്സരത്തിലെ പിരിമുറുക്കം കൊണ്ടും ശ്രദ്ധേയമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് പോരാട്ടങ്ങൾ.
എന്നാൽ ഏഷ്യാകപ്പും, ഏകദിന ലോകകപ്പുമൊക്കെ ഇരു രാജ്യങ്ങളും പരസ്പരം ബഹിഷ്കരിക്കുമെന്ന ആശങ്കകൾ നിലനിൽക്കെ തന്നെ മലയാളികൾ ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ക്രിക്കറ്റ് ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരു റിപ്പോർട്ട് പുറത്ത് വരുന്നുണ്ട്.
2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിന് ദൽഹിയോ ചെന്നൈയോ വേദിയായേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
ക്രിക്ക് ബസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2023ലെ ലോകകപ്പിൽ മൊത്തം 48 മത്സരങ്ങളാകും ഉണ്ടാവുക.
ഈ മത്സരങ്ങൾ നടത്തുന്നതിനായി 12 വേദികൾ ബി.സി.സി.ഐ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഓരോ വേദിക്കും കുറഞ്ഞത് നാല് മത്സരങ്ങളെങ്കിലും ലഭ്യമാകും.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചായിരിക്കും ലോകകപ്പിലെ ഫൈനൽ മത്സരം നടക്കുക.
“ഒക്ടോബർ-നവംബർ മാസങ്ങളിലായിരിക്കും ഏകദിന ക്രിക്കറ്റ് ലോകകപ്പ് നടത്തപ്പെടുക. പക്ഷെ ബി.സി.സി.ഐയും ഐ.സി.സിയും മത്സരത്തിന്റെ ഷെഡ്യൂൾ അനൗൺസ് ചെയ്തിട്ടുണ്ട്. ദൽഹിയിലോ ചെന്നൈയിലോ വെച്ചായിരിക്കും ഇന്ത്യ-പാകിസ്ഥാൻ മത്സരം നടത്തപ്പെടുക. പക്ഷെ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല,’ ക്രിക്ക് ബസ് റിപ്പോർട്ട് ചെയ്തു.