| Thursday, 27th December 2012, 9:14 am

ദല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതിന് പിന്നാലെ ദല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം.

ജയ്പൂര്‍ സ്വദേശിനിയായ 42കാരിയാണ് ഇന്നലെ രാത്രി കൂട്ടമാനഭംഗത്തിനിരയായത്. വൃന്ദാവനില്‍ നിന്നും ദല്‍ഹിയിലേക്ക് പോകുംവഴിയാണ് ഇവരെ മൂന്നംഗ സംഘം കൂട്ടമാനഭംഗത്തിന് ഇരയാകുന്നത്.[]

വൃന്ദാവനില്‍ നിന്നും ദല്‍ഹിക്കു വരുകയായിരുന്നു യുവതി. യുവതിക്ക് അറിയാവുന്ന ഒരാളും മറ്റ് രണ്ട് പേരും ചേര്‍ന്നാണ് മാനഭംഗപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. കൂട്ടമാനഭംഗത്തിന് ശേഷം യുവതിയെ കല്‍ക്കാജിയില്‍ ഉപേക്ഷിച്ചതിന് ശേഷം സംഘം കടന്നുകളയുകയായിരുന്നു.

പിന്നീട് ഒരു സുഹൃത്തിനെ വിളിച്ചു വരുത്തി, അവരുടെ സഹായത്തോടെ പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കുകയായിരുന്നു. യുവതിക്ക് അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കിയതിന് ശേഷം കൂടുതല്‍ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും പിടികൂടാനായിട്ടില്ല. ദല്‍ഹിക്ക് സമീപമുള്ള കല്‍ക്കാരി പൊലീസ് സ്‌റ്റേഷനിലാണ് ഇവര്‍ പരാതി നല്‍കിയത്.

പരാതി അന്വേഷിക്കുന്നതിന് പ്രത്യേക പോലീസ് സേനയെ നിയോഗിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ പോലീസ് തയ്യാറായില്ല. പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായാണ് പോലീസ് നല്‍കുന്ന സൂചന. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

ബസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് തലസ്ഥാന നഗരിയില്‍ വീണ്ടും കൂട്ടമാനഭംഗം നടന്നത്.

Latest Stories

We use cookies to give you the best possible experience. Learn more