ന്യൂദല്‍ഹി: ജയിലില്‍ നിന്നും തിരിച്ചുവന്നാല്‍ മനീഷ് സിസോദിയക്കും സത്യേന്ദ്ര ജെയ്‌നിനും മന്ത്രി സ്ഥാനം ഒഴിഞ്ഞ് കൊടുക്കുമെന്ന് പുതുതായി സത്യപ്രതിജ്ഞ ചെയ്ത ദല്‍ഹി മന്ത്രി അതിഷി മര്‍ലെന. രണ്ട് പേരുടെയും മേല്‍ ചാര്‍ത്തപ്പെട്ട കേസുകള്‍ അവസാനിക്കാന്‍ കാത്തിരിക്കുകയാണെന്നും പുറത്തിറങ്ങിയാല്‍ വിദ്യഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും വെച്ചുമാറുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
വാനവാസത്തിന് പോയ രാമനെ കാത്തുനിന്ന സഹോദരങ്ങളെപ്പോലെ പോലെ സിസോദിയയുടെ തിരിച്ചുവരവിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘സത്യേന്ദ്ര ജെയ്‌നും സിസോദിയയും ആരോഗ്യമന്ത്രിയെന്ന നിലയിലും വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിലും പകരം വെക്കാനില്ലാത്ത പ്രകടനം കാഴ്ച്ച വെച്ചവരാണ്. ഭഗവാന്‍ രാമന് രാജ്യം നഷ്ടപ്പെട്ട് അദ്ദേഹം വാനവാസത്തിന് പോയി പിന്നീട് തിരിച്ചെത്തിയത് പോലെ ഞങ്ങളും കാത്തിരിക്കുകയാണ്.
രാമന്‍ തിരിച്ചുവന്ന സമയത്ത് അദ്ദേഹത്തിന്റെ സഹോദരനായ ഭരതന്‍ സിംഹാസനം തിരിച്ചേല്‍പ്പിച്ച പോലെ സിസോദിയക്കും സത്യേന്ദ്ര ജെയ്‌നിനും പദവികള്‍ ഞങ്ങള്‍ തിരിച്ച് നല്‍കും,’ അവര്‍ പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മാധ്യമങ്ങളെ കാണുന്നതിനിടയിലാണ് അവരിക്കാര്യം പറഞ്ഞത്.
ഭരണത്തിലേറിയതിന് ശേഷം യമുന നദി ശുദ്ധീകരിക്കാനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് പറഞ്ഞ മന്ത്രി കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണ് സിസോദിയയെന്നും അഭിപ്രായപ്പെട്ടു. ചരിത്രത്തിലിന്നേ വരെ കാണാത്ത ആക്രമണമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
ദല്‍ഹി മദ്യ നയക്കേസില്‍ സി.ബി.ഐ കോടതി കുറ്റക്കാരനെന്ന് വിധിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ മുന്‍ ഉപമുഖ്യമന്തിയുമായിരുന്ന മനീഷ് സിസോദിയ മന്ത്രി സ്ഥാനം രാജിവെക്കുന്നത്.
കെജ്‌രിവാള്‍ മന്ത്രി സഭയില്‍ 18ഓളം വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന സിസോദിയയുടെ വിടവ് നികത്തുക ആം ആദ്മിയെ സംബന്ധിച്ച് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. സത്യേന്ദ്ര ജെയ്ന്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പും കൈകാര്യം ചെയ്തിരുന്നത് സിസോദിയയാണ്.