| Wednesday, 7th December 2022, 12:06 pm

മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ ആം ആദ്മി മുന്നില്‍; ബി.ജെ.പി തൊട്ടുപിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ വോട്ടെടുപ്പ് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടവുമായി ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും. ആകെയുള്ള 250 സീറ്റുകളില്‍ 125 എണ്ണത്തില്‍ ആം ആദ്മി ലീഡ് ചെയ്യുമ്പോള്‍ 109 വാര്‍ഡുകളില്‍ ബി.ജെ.പിയാണ് മുന്നില്‍.

തുടക്കത്തില്‍ പല ഘട്ടങ്ങളില്‍ ബി.ജെ.പി ആം ആദ്മിയേക്കാള്‍ മുന്നിലെത്തിയിരുന്നു. അതുകൊണ്ട് തന്നെ പ്രവചനാതീതമായാണ് നിലവില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.

ഇതുവരെ 72 സീറ്റുകളിലാണ് അവസാന ഫലം വന്നിട്ടുള്ളത്. അതില്‍ 36 വാര്‍ഡുകളില്‍ ബി.ജെ.പിയും 32 വാര്‍ഡുകളില്‍ ആം ആദ്മിയുമാണ് വിജയിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് നാല് സീറ്റാണ് ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ 24 വര്‍ഷമായി ദല്‍ഹിയില്‍ ഭരണത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും മുന്‍സിപ്പല്‍ കോര്‍പറേഷന്‍ വര്‍ഷങ്ങളായി ബി.ജെ.പിയുടെ കീഴിലാണ്. 2015ല്‍ 70ല്‍ 67 സീറ്റും നേടി എ.എ.പി ഭരണം പിടിച്ചപ്പോഴും അതു കഴിഞ്ഞുള്ള മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു.

മോദിയുടെ ‘ഡബിള്‍ എഞ്ചിന്‍’ തന്ത്രത്തിന്റെ മറ്റൊരു രൂപമാണ് ആം ആദ്മി ഇപ്രാവശ്യം തെരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രധാനമായും ഉപയോഗിച്ചിരുന്നത്. ‘കെജ്‌രിവാളിന്റെ സര്‍ക്കാര്‍, കെജ്‌രിവാളിന്റെ കോര്‍പറേഷന്‍’ എന്നായിരുന്നു ആം ആദ്മിയുടെ മുദ്രാവാക്യം.

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ബി.ജെ.പി ഭരിക്കുമ്പോള്‍ അത് ഡബിള്‍ എഞ്ചിനുള്ള സര്‍ക്കാരാകുമെന്ന മോദിയുടെ പ്രസ്താവനയെയാണ് അരവിന്ദ് കെജ്‌രിവാള്‍ ഇവിടെ തിരിച്ചു പ്രയോഗിച്ചത്.

മുന്‍ വര്‍ഷങ്ങളിലേത് പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള വമ്പന്‍ പ്രചരണമാണ് ബി.ജെ.പി ഇപ്രാവശ്യവും കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ നടത്തിയത്. കുറച്ച് സീറ്റുകളെങ്കിലും തിരിച്ചുപിടിച്ച് തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

Content Highlight: Delhi Municipal corporation election results

Latest Stories

We use cookies to give you the best possible experience. Learn more