ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്ന കര്‍ഷര്‍ക്കായി ഭക്ഷണമൊരുക്കി ദല്‍ഹിയിലെ മുസ്‌ലീം പള്ളികള്‍.
കര്‍ഷകര്‍ക്കായി പള്ളികള്‍ക്ക് മുന്‍പില്‍ ഭക്ഷണമൊരുക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. എല്ലാറ്റിനുമുപരിയാണ് മനുഷ്യത്വം എന്നുപറഞ്ഞ് നിരവധി പേരാണ് ചിത്രം പങ്കുവെക്കുന്നത്.
‘ ദല്‍ഹിയിലെ നിരവധി പള്ളികള്‍ പഞ്ചാബില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ കര്‍ഷകര്‍ക്കായി ഭക്ഷണം വിളമ്പുകയാണ്. സി.എ.എ-എന്‍.ആര്‍.സി പ്രതിഷേധ സമയത്ത് കര്‍ഷകര്‍ ഞങ്ങള്‍ക്കൊപ്പം നിന്നു. ഞങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു. മനുഷ്യരാശിക്കുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ഞങ്ങളുടെ അവസരമാണ് ഇത്. ഈ അനുകമ്പയും ഐക്യവുമാണ് അസഹിഷ്ണുതയുള്ള ഭരണാധികാരികളെ അലട്ടുന്നത്’, എന്നാണ് മുഹമ്മദ് അജ്മല്‍ ഖാന്‍ എന്നയാള്‍ ട്വിറ്ററില്‍ എഴുതിയത്.
ദല്‍ഹിയിലെ വിവിധ പള്ളികളില്‍ ഭക്ഷണം തയ്യാറാക്കുന്നതിന്റെ എല്ലാ വിവരങ്ങള്‍ പങ്കുവെച്ച് സാമൂഹ്യ പ്രവര്‍ത്തകനായ നദീം ഖാനും രംഗത്തെത്തിയിട്ടുണ്ട്.
കര്‍ഷകര്‍ ബന്ധപ്പെടേണ്ടത് എങ്ങനെയാണെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇദ്ദേഹം പങ്കുവെച്ചത്. ദല്‍ഹിയിലെ വിവിധ പള്ളികളില്‍ ഭക്ഷണത്തിന് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും സാഹചര്യം ആവശ്യപ്പെടുന്നിടത്തോളം കാലം സൗജന്യ ഭക്ഷണവിതരണം നടത്താന്‍ തങ്ങള്‍ തയ്യാറാണെന്നുമാണ് ഇവര്‍ അറിയിച്ചത്. ഭക്ഷണം വേണ്ട കര്‍ഷകര്‍ക്ക് ബന്ധപ്പെടാനായി പള്ളികളുടെ മൊബെല്‍ നമ്പറും ഇവര്‍ പങ്കുവെക്കുന്നുണ്ട്.
അരാജകത്വത്തിനിടയിലും പ്രത്യാശ നല്‍കുന്ന വാര്‍ത്ത എന്നാണ് ചിലര്‍ ട്വിറ്ററില്‍ എഴുതിയത്. ഇതാണ് ഇന്ത്യയുടെ വൈവിധ്യം, ഇതാണ് ഇന്ത്യയുടെ ഐക്യം. ‘മാഷാ അള്ളാ’, എല്ലാറ്റിനുമുപരിയായി മനുഷ്യത്വമാണ് വലുത്. നമുക്ക് അന്നംതരുന്നവരെ സേവിക്കാനുള്ള സമയമാണ് ഇത്’ എന്നിങ്ങനെയാണ് ചില പ്രതികരണങ്ങള്‍.
ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ ദിവസം ദല്‍ഹി ചലോ മാര്‍ച്ചിന് ദല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ കര്‍ഷക സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ നിരവധി പേരാണ് ഇപ്പോഴും അതിര്‍ത്തികളില്‍ തുടരുന്നത്.
ദല്‍ഹിയിലെ സിംഗു അതിര്‍ത്തിയില്‍ കനത്ത പൊലീസ് കാവലാണ് ഇപ്പോഴും ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് രാജ്യ തലസ്ഥാനത്ത് തുടരമാമെന്നും ബുരാരിയിലെ നിരാങ്കരി ഗ്രൗണ്ടില്‍ പ്രതിഷേധിക്കാമെന്നുമാണ് ദല്‍ഹി പൊലീസ് കമ്മീഷണര്‍ പറഞ്ഞത്.
പൊലീസ് അനുമതിയെ തുടര്‍ന്ന് ഒരു വിഭാഗം കര്‍ഷകര്‍ ദല്‍ഹിയിലേക്ക് കടന്നിരുന്നു. എന്നാല്‍ ജന്തര്‍ മന്ദറിലോ രാംലീല മൈതാനയിലോ സമരം ചെയ്യാന് ഇടം നല്‍കണമെന്ന ഉറച്ച നിലപാടിലാണ് വലിയൊരു വിഭാഗം കര്‍ഷകരും അതിര്‍ത്തിയില്‍ തുടരുന്നത്.
മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും കര്‍ഷകരാണ് ശനിയാഴ്ച ദല്‍ഹി അതിര്‍ത്തിയിലേക്ക് പ്രവേശിക്കാനെത്തുന്നത്.
ഡിസംബര്‍ മൂന്നിന് കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഈ ചര്‍ച്ച കര്‍ഷകര്‍ക്ക് നിര്‍ണായകമാകും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Delhi Mosques Organize Food For Protesting Farmers