| Thursday, 1st August 2019, 9:08 pm

'മുസ്‌ലിം പള്ളികളും ശ്മശാനങ്ങളും അനധികൃതമായി നിര്‍മിച്ചത്'; ബി.ജെ.പി എം.പിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് ന്യൂനപക്ഷ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുസ്‌ലിം പള്ളികളും ശ്മശാനങ്ങളും സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന ആരോപണം ഉന്നയിച്ച ബി.ജെ.പി എം.പിക്കെതിരെ നടപടിക്കൊരുങ്ങി ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍. എം.പിയായ പര്‍വേശ് വര്‍മയുടെ ആരോപണം തെറ്റാണെന്നു ബോധ്യപ്പെട്ടതോടെയാണിത്.

തന്റെ മണ്ഡലമായ പടിഞ്ഞാറന്‍ ദല്‍ഹിയിലെ 51 പള്ളികളും രണ്ട് ശ്മശാനങ്ങളും മറ്റ് രണ്ട് ആരാധനാലയങ്ങളും അനധികൃതമായി സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മിച്ചതാണെന്നു കാണിച്ച് ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനു പര്‍വേശ് ജൂലൈ 11-ന് പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് കമ്മീഷന്റെ വസ്തുതാ അന്വേഷണ സമിതി സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തുകയും ആരോപണം തെറ്റാണെന്നു ബോധ്യപ്പെടുകയും ചെയ്തു. ദല്‍ഹിയില്‍ ഉടന്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പര്‍വേശിന്റെ പരാതിയെന്ന് കമ്മീഷന്‍ പറഞ്ഞു.

എന്നാല്‍ കമ്മീഷനെതിരെയും പര്‍വേശ് രംഗത്തെത്തി. താന്‍ ഈ വിഷയം പാര്‍ലമെന്റിലും ഉന്നയിച്ചിരുന്നെന്നു വ്യക്തമാക്കിയ പര്‍വേശ് സര്‍വേ നടത്താന്‍ കമ്മീഷന്‍ ആരാണെന്നു ചോദിച്ചു.

‘ദല്‍ഹി സര്‍ക്കാരിനോടോ ന്യൂനപക്ഷ കമ്മീഷനോടോ ആണ് ഞാനിക്കാര്യം ചോദിക്കാന്‍ ഉദ്ദേശിച്ചിരുന്നതെങ്കില്‍ നേരിട്ടുതന്നെ അവര്‍ക്കത് എഴുതിനല്‍കിയേനെ’- ദ പ്രിന്റിനോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ദക്ഷിണ-പടിഞ്ഞാറ്, പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറ്, വടക്ക് ജില്ലകളിലാണ് പരാതിയില്‍ പറഞ്ഞിരിക്കുന്ന പള്ളികളും ശ്മശാനങ്ങളും. അതാത് ജില്ലാ മജിസ്‌ട്രേറ്റുമാര്‍ ഇക്കാര്യം അന്വേഷിക്കണമെന്നാണ് എം.പിയുടെ ആവശ്യം.

ദല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്‌മെന്റ് ബോര്‍ഡ്, ഗ്രാമസഭകള്‍, പ്രളയ വകുപ്പ്, ദല്‍ഹി വികസന അതോറിറ്റി, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ എന്നിവയുടെ കീഴില്‍ വരുന്ന ഭൂമികളിലാണ് അവ നിര്‍മിച്ചിരിക്കുന്നതെന്നും പര്‍വേശ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേരത്തേ മറ്റൊരു ബി.ജെ.പി എം.പിയായ മനോജ് തിവാരിയും സമാന ആരോപണം ഉന്നയിച്ചിരുന്നു.

ഡൂള്‍ന്യൂസ് ടെലഗ്രാം ചാനലിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലോക്‌സഭയുടെ എത്തിക്‌സ് കമ്മിറ്റി എം.പിക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്യണമെന്നും ചില സമുദായങ്ങള്‍ക്കെതിരെ വിദ്വേഷപരമായ പ്രസ്താവനകള്‍ ഉന്നയിക്കുന്നതില്‍ ദല്‍ഹി സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കമ്മീഷന്റെ കണ്ടെത്തല്‍ ഇങ്ങനെ

  • ചില ശ്മശാനങ്ങളും മസ്ജിദുകളും മദ്രസ്സകളും ദല്‍ഹി വഖഫ് ബോര്‍ഡിന്റെ കീഴിലുള്ളതാണ്.
  • മറ്റൊരു ശ്മശാനമാകട്ടെ, ദല്‍ഹി സര്‍ക്കാരിന്റെ നഗരവികസന മന്ത്രാലയത്തിന് 2005-ല്‍ കൈമാറിയിരുന്നു. 2017 നവംബര്‍ 14 വരെ ഇവിടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്നു. തുടര്‍ന്നു നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അതുപേക്ഷിച്ചു.
  • മറ്റ് 23 മസ്ജിദുകളുടെ കാര്യമാകട്ടെ, അവ നില്‍ക്കുന്ന സ്ഥലം ആവശ്യപ്പെട്ട് അപേക്ഷകള്‍ ബന്ധപ്പെട്ട അധികൃതര്‍ക്കു ലഭിച്ചിട്ടുള്ളതാണ്. നടപടികള്‍ വൈകുന്നുവെന്നുള്ളതേയുള്ളൂ.
  • മറ്റുള്ളവയുടെ കാര്യത്തില്‍ എം.പി നല്‍കിയ വിലാസം തെറ്റാണ്.

We use cookies to give you the best possible experience. Learn more