നഷ്ടം നികത്താന്‍ കഴിയില്ല, പക്ഷേ സര്‍ക്കാര്‍ അവര്‍ക്ക് 10 ലക്ഷം രൂപ നല്‍കും; കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട ദളിത് ബാലികയുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കെജ്‌രിവാള്‍
national news
നഷ്ടം നികത്താന്‍ കഴിയില്ല, പക്ഷേ സര്‍ക്കാര്‍ അവര്‍ക്ക് 10 ലക്ഷം രൂപ നല്‍കും; കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട ദളിത് ബാലികയുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th August 2021, 3:06 pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് ബാലികയുടെ കുടുംബത്തിന് ദല്‍ഹി സര്‍ക്കാര്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കുട്ടിയുടെ മരണത്തില്‍ മജസ്‌ട്രേറ്റ് തല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

” നമ്മുടെ പെണ്‍കുട്ടിക്ക് തിരികെ വരാന്‍ കഴിയില്ല. കുടുംബത്തോട് ചെയ്ത അനീതി ദൗര്‍ഭാഗ്യകരമാണ്, അത് നഷ്ടപരിഹാരം നല്‍കി നികത്താന്‍ കഴിയില്ല, പക്ഷേ സര്‍ക്കാര്‍ അവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുകയും ഇക്കാര്യത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യും,” കുടുംബത്തെ കണ്ട ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം, തന്റെ മകള്‍ക്ക് നീതി ലഭിക്കണമെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

പൂജാരിയും മറ്റ് മൂന്ന് പേരുമാണ് തന്റെ മകളെ ബലാത്സംഗം ചെയ്ത് കൊന്നതെന്നും ഈ ക്രൂരതയ്ക്ക് പ്രതികളെ മരണം വരെ തൂക്കിലേറ്റണമെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

കുറ്റം മറച്ചുവെക്കാന്‍ പ്രതികള്‍ കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

”പുരോഹിതനും മറ്റ് മൂന്ന് പേരും എന്റെ മകളെ ബലാത്സംഗം ചെയ്തു കൊന്നു, അവരുടെ ക്രൂരമായ കുറ്റകൃത്യം മറച്ചുവെക്കാന്‍ അവളുടെ ശരീരം ദഹിപ്പിച്ചു. ഞങ്ങളുടെ മകളോട് ചെയ്തതിന് അവരെ മരണം വരെ തൂക്കിലേറ്റണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതുവരെ എന്റെ മകള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഞങ്ങള്‍ പ്രതിഷേധം തുടരും,” കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

ദല്‍ഹി നങ്കലിലാണ് ഒമ്പതുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. തുടര്‍ന്ന് മാതാപിതാക്കളുടെ സമ്മതമില്ലാതെ കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചെന്ന് പരാതിയുയരുകയും ചെയ്തിരുന്നു.

സംഭവത്തില്‍ പൂജാരി രാധേശ്യാം ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം. നങ്കലിലെ ശ്മശാനത്തോട് ചേര്‍ന്ന വാടക വീട്ടിലാണ് കുട്ടിയും മാതാപിതാക്കളും താമസിച്ചിരുന്നത്.

പ്രദേശത്തെ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ വെള്ളം കുടിക്കാന്‍ ശ്മശാനത്തിലെ കൂളര്‍ തേടിയെത്തിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.

കുട്ടിയെ കാണാതായതോടെ അമ്മ തിരക്കിയിറങ്ങി. പിന്നാലെയെത്തിയ പൂജാരി കൂളറില്‍ നിന്നും വൈദ്യുതാഘാതമേറ്റാണ് കുട്ടി മരിച്ചതെന്ന് അമ്മയെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കരുതെന്നും അറിയിച്ചാല്‍ അവര്‍ മൃതദേഹം പോസ്റ്റ് മോർട്ട ത്തിന് അയക്കുമെന്നും അവയവങ്ങള്‍ മോഷ്ടിക്കുമെന്നും പൂജാരി അമ്മയോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇയാള്‍ തന്നെ കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കുടുംബത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു.

കുട്ടിയുടെ ശരീരത്തിലെ മുറിപ്പാടുകള്‍ കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കുട്ടിയെ ശ്മശാനത്തില്‍ വെച്ച് ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്ന് കണ്ടെത്തുകയായിരുന്നു.

ഇതിനുപിന്നാലെ പൂജാരി രാധേ ശ്യാമിനെ കൂടാതെ ശ്മശാനത്തിലെ ജീവനക്കാരായ ലക്ഷ്മിനാരായണ്‍, കുല്‍ദീപ്, സാലിം എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

 

Content Highlights: Delhi minor rape: CM Arvind Kejriwal announces magisterial probe, Rs 10 lakh compensation