ന്യൂദല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ ദല്‍ഹിയിലെ വായു മലിനീകരണം രൂക്ഷമാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെ ബി.ജെ.പിക്കെതിരെ പരസ്യമായ വിമര്‍ശനവുമായി ദല്‍ഹി സര്‍ക്കാരിലെ പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാല്‍ റായ്. മനപ്പൂര്‍വം പടക്കം പൊട്ടിച്ച് മലിനീകരണമുണ്ടാക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരുമാണെന്നാണ് ആം ആദ്മി നേതാവ് പറഞ്ഞത്.
പടക്കങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ദല്‍ഹി സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചായിരുന്നു ആളുകള്‍ രാജ്യതലസ്ഥാനത്ത് ദീപാവലി വ്യാപകമായി ആഘോഷിച്ചത്. ”വലിയൊരു വിഭാഗം ആളുകള്‍ പടക്കം പൊട്ടിച്ചിട്ടില്ല. ഞാന്‍ അവര്‍ക്കെല്ലാം നന്ദി പറയുന്നു. എന്നാല്‍ ചിലര്‍ മനപൂര്‍വം പടക്കം പൊട്ടിച്ച് പ്രശ്‌നമുണ്ടാക്കി. ബി.ജെ.പിയാണ് അവരെക്കൊണ്ട് അത് ചെയ്യിച്ചത്,” ഗോപാല്‍ റായ് പറഞ്ഞു.
പാടശേഖരങ്ങളും പൊന്തക്കാടുകളും തീയിട്ടതിലൂടെ ഉണ്ടായ പുകയും മലിനീകരണത്തിന് കാരണമായതായി മന്ത്രി പറഞ്ഞു.
മിനിസ്ട്രി ഓഫ് എര്‍ത്ത് സയന്‍സിന്റെ എയര്‍ ക്വാളിറ്റി ഫോര്‍കാസ്റ്റ് ഏജന്‍സി പുറത്തുവിട്ട കണക്കനുസരിച്ച് ദല്‍ഹിയുടെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 531 ആണ്. ഗുരുതരമായ മലിനീകരണ തോത് ആണ് ഇത് സൂചിപ്പിക്കുന്നത്.