| Monday, 7th December 2020, 6:31 pm

'കര്‍ഷകര്‍ കൊടും തണുപ്പില്‍ വിറയ്ക്കുകയാണ്; അവരുടെ ആവശ്യം ഉടന്‍ നടപ്പാക്കണം'; കേന്ദ്രത്തോട് ദല്‍ഹി മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ ദല്‍ഹിയിലും അതിര്‍ത്തി പ്രദേശങ്ങളിലും ദിവസങ്ങളായി പ്രതിഷേധിക്കുന്ന കര്‍ഷകരുടെ കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്. തിങ്കളാഴ്ച കേന്ദ്രം വിളിച്ച് ചേര്‍ത്ത ഐ.സി.എ.ആര്‍ യോഗത്തിലാണ് മന്ത്രിയുടെ പ്രതികരണം.

കര്‍ഷകരുടെ വരുമാനം വര്‍ധിക്കണമെങ്കില്‍ താങ്ങുവില ഉറപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞ 11 ദിവസമായി കര്‍ഷകര്‍ കൊടും തണുപ്പില്‍ വിറച്ച് കൊണ്ടിരിക്കുകയാണ്. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കണമെങ്കില്‍ സ്വാമിനാഥന്‍ കമ്മിറ്റിയില്‍ പറയുന്ന പ്രകാരം കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കേണ്ടതുണ്ട്. കര്‍ഷകര്‍ ആവശ്യപ്പെടുന്നതെന്താണോ കേന്ദ്രം ആ ആവശ്യത്തെ കേള്‍ക്കുകയും കര്‍ഷകരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കുകയും വേണം,’ ഗോപാല്‍ റായ് പറഞ്ഞു.

പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും എത്തിയ കര്‍ഷകര്‍ 11 ദിവസത്തിലേറെയായി സിംഗു, തിക്രി അതിര്‍ത്തികളില്‍ സമാധാനപരമായ പ്രതിഷേധം നടത്തുകയാണ്.

കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ആറാം ഘട്ട ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുകയാണ് കേന്ദ്രം. ബുധനാഴ്ചയാണ് ചര്‍ച്ച.

ആഭ്യന്തര ചര്‍ച്ചകള്‍ക്ക് സര്‍ക്കാരിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ കഴിഞ്ഞ ചര്‍ച്ചയില്‍ കര്‍ഷകരോട് ആവശ്യപ്പെട്ടത്. ബുധനാഴ്ച നടക്കുന്ന യോഗത്തില്‍ പുതിയ നിര്‍ദ്ദേശം അവതരിപ്പിക്കുമെന്നായിരുന്നു മന്ത്രി പറഞ്ഞത്. എന്നാല്‍ ചര്‍ച്ച നീട്ടിക്കൊണ്ടുപോകുന്നതില്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്നും കാര്‍ഷിക നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:  Delhi minister requests centre soon to address farmer’s issue and said Farmers Shivering In Cold

Latest Stories

We use cookies to give you the best possible experience. Learn more