| Tuesday, 19th March 2024, 10:17 pm

ബി.ജെ.പി ഭയക്കുന്ന ഒരേയൊരു പ്രതിപക്ഷ നേതാവ് കെജ്‌രിവാള്‍; ഇ.ഡി കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ ആയുധം: ആതിഷി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ ആയുധങ്ങളാണെന്ന് ദല്‍ഹി മന്ത്രി ആതിഷി. ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് തടയാനാണ് ഏജന്‍സികള്‍ ശ്രമിക്കുന്നതെന്ന് ആതിഷി പറഞ്ഞു.

മദ്യ നയക്കേസില്‍ അറസ്റ്റിലായ ബി.ആര്‍.എസ് നേതാവ് കെ. കവിത കെജ്‌രിവാളടക്കമുള്ള എ.എ.പി നേതാക്കള്‍ക്ക് 100 കോടി രൂപ നല്‍കിയെന്ന ഇ.ഡിയുടെ വാദം രാഷ്ട്രീയ പ്രേരിതമാണെന്നും ആതിഷി ചൂണ്ടിക്കാട്ടി.

കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് പകരം ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പോലെയാണ് ഇ.ഡി പ്രവര്‍ത്തിക്കുന്നതെന്നും ആതിഷി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരു പ്രതിപക്ഷ നേതാവിനെ മാത്രമേ ബി.ജെ.പി ഭയപ്പെടുന്നുള്ളുവെന്നും അത് കെജ്‌രിവാളാണെന്നും ആതിഷി വ്യക്തമാക്കി. മോദിയുടെ സമ്മര്‍ദത്തിന് കീഴിലാണ് ഇ.ഡി പ്രവര്‍ത്തിക്കുന്നതെന്നും ദല്‍ഹി മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പിന് മുന്നോടിയായി കെജ്‌രിവാളിനെ ജയിലിലാക്കാനുള്ള മോദിയുടെ പദ്ധതിയുടെ ഭാഗമായാണ് മദ്യനയ കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും അദ്ദേഹത്തിന് ഇ.ഡി സമന്‍സുകള്‍ അയക്കുന്നതെന്ന് ആതിഷി പറഞ്ഞിരുന്നു.

ബി.ജെ.പിയുടെയും പ്രധാനമന്ത്രിയുടെയും ഗുണ്ടകളാണ് ഇ.ഡിയും സി.ബി.ഐയുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ ആതിഷി ചൂണ്ടിക്കാട്ടി. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നതോടെ, മോദിയുടെ ഗുണ്ടകള്‍ ഇ.ഡി, സി.ബി.ഐ, ആദായ നികുതി വകുപ്പ് എന്നിവ വഴി പണം തട്ടുന്ന റാക്കറ്റ് നടത്തുകയായിരുന്നു എന്ന് വ്യക്തമായി എന്നും ആതിഷി പറഞ്ഞു.

Content Highlight: Delhi Minister Atishi said that Central Investigation Agencies are political arms of the BJP-led Central Government

Latest Stories

We use cookies to give you the best possible experience. Learn more