ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ വെല്ലുവിളിച്ച് ദല്‍ഹി മന്ത്രി ആതിഷി. ബി.ജെ.പി നേതാക്കള്‍ക്കെതിരെ സ്വീകരിച്ച നിയമ നടപടികള്‍ വെളിപ്പെടുത്താന്‍ ഇ.ഡിക്ക് ധൈര്യമുണ്ടോയെന്ന് ആതിഷി ചോദിച്ചു. പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് മറ്റ് കേന്ദ്ര ഏജന്‍സികളെ പോലെ തെരഞ്ഞെടുപ്പ് കമ്മീഷനെയും ബി.ജെ.പി ഉപയോഗിക്കുന്നുവെന്ന് ആതിഷി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തെളിവുകള്‍ ലഭിച്ചിട്ടും ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഇ.ഡി എന്ത് നടപടിയാണ് എടുത്തതെന്ന് ആതിഷി ചോദിച്ചു.
കഴിഞ്ഞ ദിവസം മദ്യ നയക്കേസില്‍ ആംആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിങ് ജയില്‍മോചിതനായിരുന്നു. സുപ്രീം കോടതിയാണ് സഞ്ജയ് സിങ്ങിന് ജാമ്യം നല്‍കിയത്.
അറസ്റ്റിലായി ആറ് മാസത്തിന് ശേഷമാണ് കേസില്‍ സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. അഴിമതിപ്പണം കൈമാറിയതിന് സഞ്ജയ് സിങ്ങിനെതിരെ എന്ത് തെളിവാണ് ഇ.ഡിയുടെ കൈയ്യില്‍ ഉള്ളതെന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത, പി.ബി. വരലെ എന്നിവരുടെ സുപ്രീം കോടതി ബെഞ്ചാണ് ജാമ്യം നല്‍കിയത്.