ന്യൂദല്‍ഹി: മദ്യ നയക്കേസില്‍ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത സി.ബി.ഐ നടപടിക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് ആം ആദ്മി പാര്‍ട്ടി.
മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വിശ്വസ്തനും പാര്‍ട്ടിയിലെ രണ്ടാമനുമായി പരിഗണിക്കപ്പെടുന്ന സിസോദിയയുടെ അഭാവം മന്ത്രിസഭയിലും ആപ്പിനുണ്ടാക്കുന്ന തലവേദന ചില്ലറയല്ല.
മന്ത്രിസഭയിലെ ഏറ്റവും കൂടുതല്‍ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയെന്ന നിലക്ക് വകുപ്പ് തലത്തിലും വലിയ പ്രതിസന്ധിയാണ് സംഭവിക്കാന്‍ പോവുന്നത്. ദല്‍ഹിയില്‍ ബജറ്റ് സമ്മേളനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.
2014 ല്‍ അധികാരത്തിലെത്തിയതിന് ശേഷം ഇത് വരെ സിസോദിയയാണ് ബജറ്റ് അവതരിപ്പിച്ചിരുന്നത്. ഇതിന് പകരക്കാരനെ കണ്ടെത്തേണ്ടതും കെജ്‌രിവാളിന് മുമ്പിലുളള വെല്ലുവിളിയാണ്.
മുന്‍ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന് ശേഷം കെജ്‌രിവാള്‍ മന്ത്രിസഭയില്‍ നിന്ന് അറസ്റ്റിലാവുന്ന രണ്ടാമത്തെ മന്ത്രിയാണ് മനീഷ് സിസോദിയ. ഏറെ ചര്‍ച്ചയായ ദല്‍ഹി മോഡല്‍ വിദ്യാഭ്യാസ നയമടക്കം ദല്‍ഹി സര്‍ക്കാരിന്റെ പല പദ്ധതികളിലും കാര്യമായ പങ്ക് വഹിച്ചയാളാണ് സിസോദിയ.
ആകെയുള്ള 33 വകുപ്പുകളില്‍ പതിനെട്ടും കൈകാര്യം ചെയ്തിരുന്ന സിസോദിയയെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയെന്നാണ് ആം ആദ്മി വിശേഷിപ്പിച്ചിരുന്നത്. ഇതിനെയെല്ലാം പ്രതിരോധത്തിലാക്കുന്ന നടപടിയാണ് സി.ബി.ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞ മെയ് മാസത്തില്‍ സത്യേന്ദ്ര ജെയ്ന്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ആരോഗ്യ വകുപ്പിന്റെ അധിക ചുമതല കൂടി വഹിച്ച സിസോദിയ നിലവില്‍ വിദ്യാഭ്യാസം, പി.ഡബ്ല്യു.ഡി, ധനകാര്യം, വിജിലന്‍സ്, ടൂറിസം, ആസൂത്രണം എന്നിവയടക്കം 18 ഓളം വകുപ്പുകളുടെ കൂടി തലവനാണ്.
ഇതുകൂടാതെ മന്ത്രിമാര്‍ക്ക് പ്രത്യേകമായി തരം തിരിച്ച് നല്‍കാത്ത വകുപ്പുകളും കൈകാര്യം ചെയ്തിരുന്നത് ഇദ്ദേഹമാണ്. ഈ വകുപ്പുകള്‍ ഇനി ആര്‍ക്ക് വീതിച്ച് നല്‍കും എന്ന കാര്യത്തിലും വലിയ പ്രതിസന്ധിയാണ് കെജ്‌രിവാളിന് മുമ്പിലുള്ളത്.
ദല്‍ഹിക്ക് പുറത്ത് പഞ്ചാബിലും അധികാരം നേടി ദേശീയ തലത്തില്‍ പാര്‍ട്ടിക്ക് വേരോട്ടമുണ്ടാക്കാനുള്ള കെജ്‌രിവാളിന്റെ ശ്രമങ്ങള്‍ക്കും അറസ്റ്റ് വലിയ തിരിച്ചടി നല്‍കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കയ്യൊഴിഞ്ഞ പഞ്ചാബ് ജനത ആം ആദ്മിക്കൊപ്പം നിന്നത് ദല്‍ഹിയില്‍ പരീക്ഷിച്ച് വിജയിച്ച ആപ്പ് മോഡല്‍ പഞ്ചാബിലും സാധ്യമാക്കാന്‍ കെജ്‌രിവാളിന് കഴിയും എന്ന വിശ്വാസത്തിലാണ്.
പഞ്ചാബിന് ശേഷം ഗുജറാത്ത് തെരഞ്ഞെടുപ്പിലും അഞ്ച് സീറ്റ് നേടിയ പാര്‍ട്ടി രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ വേരുറപ്പിക്കാനുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് കേരളം സന്ദര്‍ശിച്ച കെജ്‌രിവാള്‍ കര്‍ണാടകയും ഛത്തീസ്ഗഡും മധ്യപ്രദേശും രാജസ്ഥാനും സന്ദര്‍ശിക്കാനുള്ള ശ്രമത്തിലായിരുന്നു.
2021-2022 കാലത്ത് സംസ്ഥാനത്ത് നടപ്പില്‍ വരുത്തിയ എക്‌സൈസ് നിയമത്തില്‍ ഉയര്‍ന്നുവന്ന അഴിമതി ആരോപണത്തെതുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് സിസോദിയക്കെതിരെ സി.ബി.ഐ കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത്.
ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ കൂടി പ്രതിചേര്‍ക്കപ്പെട്ട അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ മുമ്പും സി.ബി.ഐയുടെ ഭാഗത്ത് നിന്ന് നീക്കമുണ്ടായിരുന്നു. ഇത് മുന്‍കൂട്ടി കണ്ട സിസോദിയ ബജറ്റ് അവതരിപ്പിക്കാനുള്ളത് കൊണ്ട് കേസില്‍ ഹാജരാകുന്നതിന് സാവകാശം നല്‍കണമെന്ന് കോടതിയില്‍ ഹരജി നല്‍കിയിരുന്നു.
ഇതിനിടെയാണ് അറസ്റ്റ് സംഭവിക്കുന്നത്.
ഇതിനിടെ അറസ്റ്റില്‍ പ്രതികരിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ രംഗത്തെത്തി. സി.ബി.ഐ നടപടിയെ കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടിയെന്ന് വിശേഷിപ്പിച്ച അദ്ദേഹം മോദി സര്‍ക്കാര്‍ വൃത്തിക്കെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും പ്രശ്‌നത്തെ ജനകീയമായി നേരിടുമെന്നും പറഞ്ഞു.
‘മനീഷ് നിരപരാധിയാണ്. മോദിയുടെ വൃത്തിക്കെട്ട രാഷ്ട്രീയത്തിന് ഉദാഹരണമാണ് നടപടി. ജനങ്ങളിതെല്ലാം കാണുന്നുണ്ട്. ശക്തമായി തന്നെ അവര്‍ ഇതിനെതിരെ പ്രതികരിക്കും. ഒരു അറസ്റ്റ് കൊണ്ടൊന്നും ഞങ്ങളുടെ പോരാട്ട വീര്യത്തെ തളര്‍ത്താനാവില്ല.’ കെജ് രിവാള്‍ ട്വീറ്റ് ചെയ്തു.
Content Highlight: Delhi minister Aravind kejrival facing big problem after manish sisodiyas arrest