[] ന്യൂദല്‍ഹി: ദല്‍ഹി മെട്രോയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനിന്റെ വാതിലുകള്‍ തുറന്നു വച്ച് ഓടിയതിനെ തുടര്‍ന്ന് എഞ്ചിന്‍ ഓപ്പറേറ്ററെ സസ്‌പെന്‍ഡ് ചെയ്തു.
ഇന്ന് രാവിലെ 9.25നായിരുന്നു സംഭവം. യാത്രക്കാരുടെ തിരക്ക് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന സമയമാണ് ഇത്.
ഹുഡസിറ്റി സെന്ററില്‍ നിന്നും ജഹാംഗിര്‍ പുരിയിലെക്ക് പോവുകയായിരുന്നു ട്രെയിനിന്റെ യന്ത്രവാതിലുകളാണ് തുറന്നു കിടന്ന് യാത്രക്കാരെ പേടിപ്പിച്ചത്.
ഡല്‍ഹി ഹരിയാന അതിര്‍ത്തിയിലെ അജന്‍ഗഡ്ഡ്-ഗിറ്റോര്‍ണി സ്‌റ്റേഷനുകള്‍ക്ക് ഇടയിലാണ് ഏതാനും മിനിട്ട് നേരത്തേക്ക് ട്രെയിന്‍ വാതില്‍ തുറന്ന നിലയില്‍ സര്‍വീസ് നടത്തിയത്.
യാത്രയ്ക്കിടെ പെട്ടന്ന് വാതിലുകള്‍ താനെ തുറക്കുകയായിരുന്നു. മെട്രോ ട്രെയിനിന്റെ ഇടതുവശത്തെ വാതിലുകള്‍ എല്ലാം തന്നെ തുറന്ന നിലയിലായിരുന്നു. അടുത്ത സ്‌റ്റേഷനില്‍ എത്തിയ ശേഷം മാത്രമാണ് വാതിലുകള്‍ അടച്ചത്.
സംഭവത്തെ തുടര്‍ന്ന് എഞ്ചിന്‍ ഓപ്പറേറ്ററെ കയ്യേറ്റം ചെയ്യാനൊരുങ്ങിയ യാത്രക്കാരെ പോലിസ് ഇടപെട്ട് അനുനയിപ്പിച്ചു.
മണിക്കൂറില്‍ 70-80 കിലോമീറ്ററാണ് മെട്രോ ട്രെയിനുകളുടെ വേഗത.