| Sunday, 28th May 2023, 8:12 pm

ഗുസ്തി താരങ്ങള്‍ അടങ്ങുന്ന സമരക്കാരെ കസ്റ്റഡിയില്‍ വെക്കാന്‍ സ്‌കൂള്‍ വിട്ടുനല്‍കണം; ദല്‍ഹി പൊലീസിന്റെ ആവശ്യം തള്ളി മേയര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ലമെന്റ് മാര്‍ച്ചില്‍ അറസ്റ്റ് ചെയ്ത ഗുസ്തി താരങ്ങള്‍ അടങ്ങുന്ന സമരക്കാരെ കസ്റ്റഡിയില്‍ വെക്കാന്‍ ദില്ലി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ (എം.സി.ഡി) സ്‌കൂള്‍ വിട്ടുനല്‍കണമെന്ന പൊലീസിന്റെ ആവശ്യം തള്ളി ദല്‍ഹി മേയര്‍ ഷെല്ലി ഒബ്‌റോയ്.

കസ്റ്റഡിയിലെടുക്കുന്നവരെ പാര്‍പ്പിക്കാന്‍ ഓള്‍ഡ് ബവാനയിലെ എം.സി പ്രൈമറി സ്‌കൂള്‍ വിട്ടുനല്‍കണമെന്ന നോര്‍ത്ത് ഡിസ്ട്രിക്ട് ഡി.സി.പിയുടെ ആവശ്യമാണ് ഷെല്ലി ഒബ്‌റോയ് ഇന്നലെ തന്നെ തള്ളിയത്. ദല്‍ഹി പൊലീസിന്റെ ആവശ്യം തള്ളിയതായി മേയര്‍ ഇന്ന് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

ദില്ലി മുന്‍സിപ്പല്‍ കോര്‍പറേഷന്റെ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് അയച്ച കത്തിലൂടെയാണ് ദല്‍ഹി പൊലീസ് ഈ ആവശ്യം ഉന്നയിച്ചത്. ബി.ജെ.പി എം.പിയും റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റുമായ ബ്രിജ് ഭൂഷണെതിരെ ഏഴ് വനിതാ ഗുസ്തി താരങ്ങള്‍ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് വനിതാ താരങ്ങള്‍ പുതിയ പാര്‍ലമെന്റിന് മുന്നില്‍ മാര്‍ച്ച് നടത്തിയത്.

അതേസമയം, ഇന്ന് പുതിയ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങളെയും സമരത്തിന് പിന്തുണച്ച് എത്തിയവരെയും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തെരുവിലൂടെ വലിച്ചിഴച്ചാണ് പലരെയും കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഗുസ്തി താരങ്ങളുടെ സമരവേദി പൊളിച്ചുമാറ്റുകയും ചെയ്തിട്ടുണ്ട്.

ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ച വനിതാ മഹാ പഞ്ചായത്തില്‍ പങ്കെടുക്കാന്‍ നിരവധിയാളുകള്‍ എത്താനിരിക്കെയാണ് ദല്‍ഹി പൊലീസ് ഇന്നലെ ഈ ആവശ്യവുമായി ദില്ലി മുന്‍സിപ്പല്‍ കോര്‍പറേഷനെ സമീപിച്ചത്. ഈ ആവശ്യം ഒരു തരത്തിലും അംഗീകരിക്കാനാകില്ല എന്നായിരുന്നു മേയര്‍ ഷെല്ലി ഒബ്‌റോയിയുടെ മറുപടിയെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

content highlights: Wrestlers protest: Delhi Mayor Shelly Oberoi denies permission for temporary jail

We use cookies to give you the best possible experience. Learn more