ന്യൂദൽഹി: ഇന്ത്യൻ റെയിൽവേയുടെ ഭക്ഷണത്തിൽ ജീവനുള്ള പഴുതാരയെ കണ്ടെത്തിയതായി പരാതി. റെയിൽവേ ഭക്ഷണത്തിന്റെ ഗുണ നിലവാരപ്രശ്നം ഉയർത്തിക്കാണിച്ചുകൊണ്ട് യാത്രക്കാരനാണ് തന്റെ സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്.
ഐ.ആർ.സി.ടി.സി വി.ഐ.പി എക്‌സിക്യൂട്ടീവ് ലോഞ്ചിൽ ഭക്ഷണം കഴിച്ച ദൽഹി സ്വദേശി അരയൻഷ് സിങിനാണ് ദുരനുഭവം ഉണ്ടായത്. അരയൻഷ് താൻ കഴിച്ചുകൊണ്ടിരുന്ന റൈത എന്ന ഭക്ഷ്യവസ്തുവിൽ ജീവനുള്ള പഴുതാരയെ കണ്ടെത്തുകയായിരുന്നു.
സമീപ വർഷങ്ങളിൽ ഇന്ത്യൻ റെയിൽവേയുടെ ഭക്ഷണത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെട്ടുവെന്ന് റെയിൽവേ അവകാശപ്പെടുന്ന ഒരു പോസ്റ്റിന് മറുപടിയായി അദ്ദേഹം തനിക്കുണ്ടായ ദുരനുഭവം പങ്കുവെക്കുകയും ദൃശ്യങ്ങൾ പങ്കിടുകയും ചെയ്തു. തന്റെ എക്സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘അതെ, തീർച്ചയായും, ഇന്ത്യൻ റെയിൽവേ ഭക്ഷണത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെട്ടിട്ടുണ്ട്, ഇപ്പോൾ അവർ കൂടുതൽ പ്രോട്ടീനുള്ള റൈത വിളമ്പുന്നു,’ അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി) നടത്തുന്ന ഒരു വി.ഐ.പി ലോഞ്ചിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് പഴുതാരയെ ശ്രദ്ധയിൽപ്പെട്ടതെന്ന് തുടർന്നുള്ള പോസ്റ്റുകളിൽ അദ്ദേഹം വിശദീകരിച്ചു.
‘ഈ സംഭവം നടന്നത് ഐ.ആർ.സി.ടി.സി വി.ഐ.പി എക്സിക്യൂട്ടീവ് ലോഞ്ചുകളിലൊന്നിലാണ്, അതിനാൽ സാധാരണ ട്രെയിനുകളിലോ പാൻട്രി കാറുകളിലോ ഉള്ള ഗുണനിലവാരം നിങ്ങൾക്ക് ഊഹിക്കാവുന്നതാണ്,’ സിങ് പറഞ്ഞു. ഇന്ത്യൻ റെയിൽവേയിലെ ഭക്ഷണ ശുചിത്വ പ്രശ്‌നങ്ങൾ ദീർഘകാലമായി ആശങ്കയുണ്ടാക്കുന്ന ഒന്നാണ്.
സിങ് പങ്കുവെച്ച ദൃശ്യങ്ങൾക്ക് പിന്നാലെ പരാതി നൽകാൻ ആവശ്യപ്പെട്ട് നിരവധി പേര് രംഗത്തെത്തുകയും മറ്റ് ചിലർ ഇന്ത്യൻ റെയിൽവേയുടെ വൃത്തിഹീനമായ ഭക്ഷണ രീതിയെ വിമർശിക്കുകയും ചെയ്തു.
പിന്നാലെ ക്ഷമാപണവുമായി ഐ.ആർ.സി.ടി.സി മുന്നോട്ടെത്തിയിട്ടുണ്ട്. ഐ.ആർ.സി.ടി.സി അദ്ദേഹത്തിൻ്റെ പോസ്റ്റിന് മറുപടി നൽകുകയും പ്രശ്നം പരിശോധിക്കാമെന്ന് വാഗ്‌ദാനം ചെയ്യുകയും ചെയ്തു. ‘സർ, അസൗകര്യത്തിൽ ഖേദിക്കുന്നു. ഉടൻ നടപടിയെടുക്കാൻ രസീത്/ബുക്കിങ് വിശദാംശങ്ങൾ, സ്റ്റേഷൻ്റെ പേര്, മൊബൈൽ നമ്പർ എന്നിവ സഹിതം ദയവായി പങ്കിടുക,’ ഐ.ആർ.സി.ടി.സി ഔദ്യോഗിക എക്സ് അക്കൗണ്ട് വഴി പ്രതികരിച്ചു.