CAA Protest
പ്രണബ് മുഖര്‍ജിയുടെ മകളെ അമിത് ഷായുടെ വസതിക്ക് മുന്‍പില്‍ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 20, 07:26 am
Friday, 20th December 2019, 12:56 pm

ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജിയുടെ മകള്‍ അറസ്റ്റില്‍.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിക്കവേയാണ് ദല്‍ഹി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ കൂടിയായ ഷര്‍മിഷ്ഠയെ പൊലീസ് അറസ്റ്റ് ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വഭേദഗതി നിയമത്തിനെതിരെ അമിത് ഷായുടെ വസതിയ്ക്ക് മുന്‍പില്‍ പ്രതിഷേധിക്കുകയായിരുന്നു ദല്‍ഹി മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ദല്‍ഹിയിലെ വിവിധയിടങ്ങളില്‍ ഇന്നും കനത്ത പ്രതിഷേധം തുടരുകയാണ്. പലയിടങ്ങളിലും ഇന്ന് റോഡ് റെയില്‍ ഗതാഗതങ്ങള്‍ തടസ്സപ്പെട്ടിട്ടുണ്ട്.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുത്തത്.

ഇന്ത്യാ ഗേറ്റിന് പരിസരത്തും ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയുടെ പരിസരത്തും പ്രതിഷേധം സംഘടിപ്പിക്കാനാണ് വിദ്യാര്‍ത്ഥികളും രാഷ്ട്രീയപ്രവര്‍ത്തകരുമുള്‍പ്പെടെയുള്ള തീരുമാനം.

ദല്‍ഹിയില്‍ പ്രക്ഷോഭം ശക്തമാക്കാന്‍ ഭീം ആര്‍മിയും ഒരുങ്ങുന്നുണ്ട്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ജന്ദര്‍മന്തിറില്‍ ഇന്നുമുതല്‍ അനിശ്ചിതകാലം നിരാഹാരം കിടക്കും.

ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ഉച്ചയ്ക്ക് ഒരു മണിക്ക് നോര്‍ത്ത് ദല്‍ഹിയിലെ ജമാ മസ്ജിദ് പരിസരത്തുവെച്ച് ജന്ദര്‍മന്തിറിലേക്ക് മാര്‍ച്ച് നടത്തി ശേഷം നിരാഹാരം ആരംഭിക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ് അറിയിച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ