ന്യൂദല്‍ഹി: ദല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ രൂക്ഷമാകുമ്പോള്‍ മുഖ്യമന്ത്രി അതിഷി മര്‍ലേനയെ പ്രശംസിച്ച് ലെഫ്. ഗവര്‍ണര്‍ വിനയ് സക്‌സേന. അതിഷി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനേക്കാള്‍ ആയിരം മടങ്ങ് മികച്ചതാണെന്നാണ് ലെഫ്. ഗവര്‍ണര്‍ അഭിപ്രായപ്പെട്ടത്. കെജ്‌രിവാള്‍ എന്ന് പേരെടുത്ത് പരാമര്‍ശിക്കാതെ അതിഷിയുടെ മുന്‍ഗാമി എന്നാണ് ഗവര്‍ണര്‍ കെജ്‌രിവാളിനെ വിശേഷിപ്പിച്ചത്.
‘ദല്‍ഹി മുഖ്യമന്ത്രി ഒരു സ്ത്രീയായതില്‍ ഇന്ന് ഞാന്‍ സന്തോഷിക്കുന്നു, അവള്‍ തന്റെ മുന്‍ഗാമിയെക്കാള്‍ ആയിരം മടങ്ങ് മികച്ചവളാണെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും,’ വിനയ് സക്‌സേന പറഞ്ഞു. ഇന്ദിരാഗാന്ധി ദല്‍ഹി ടെക്നിക്കല്‍ യൂണിവേഴ്സിറ്റി ഫോര്‍ വിമന്‍സില്‍ നടന്ന ബിരുദദാന ചടങ്ങില്‍ പങ്കെടുക്കവെയാണ് സക്സേനയുടെ പരാമര്‍ശം.
എന്നാല്‍ തന്റെ പ്രസംഗത്തില്‍ സത്രീശാക്തീകരണത്തെക്കുറിച്ചായിരുന്നു സക്‌സേനയുടെ പരാമര്‍ശങ്ങളില്‍ അധികവും. ‘നിങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍, നിങ്ങള്‍ക്ക് മുന്നില്‍ വെളിച്ചമായി നാല് നക്ഷത്രങ്ങളാണ് വഴികാട്ടാനുണ്ടാവുക. ആദ്യത്തേത് നിങ്ങള്‍ക്ക് നിങ്ങളുടെ ഉത്തരവാദിത്തമാണ്, രണ്ടാമത്തേത് നിങ്ങളുടെ മാതാപിതാക്കളോടും കുടുംബത്തോടുമുള്ള ഉത്തരവാദിത്തമാണ്, മൂന്നാമത്തേത് സമൂഹത്തിനും രാഷ്ട്ര നിര്‍മാണത്തിനും വേണ്ടിയുള്ളതാണ്.
ഏറ്റവും ഒടുവിലായി ലിംഗഭേദത്തിന്റെ മതിലുകള്‍ തകര്‍ത്ത് എല്ലാ മേഖലകളിലും മറ്റുള്ളവര്‍ക്കൊപ്പം നില്‍ക്കുന്ന സ്ത്രീകളാണെന്ന് സ്വയം തെളിയിക്കുക എന്നതാണ് നാലാമത്ത ഉത്തരവാദിത്തം,’ സക്സേന വിദ്യാര്‍ത്ഥികളോട് പറഞ്ഞു.
ദല്‍ഹി മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മദ്യനയക്കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. കേസില്‍ ജാമ്യം ലഭിച്ചതോടെ പുറത്തിറങ്ങിയ കെജ്‌രിവാള്‍ എ.എ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് രാജി പ്രഖ്യാപനം നടത്തിയത്. തുടര്‍ന്നാണ് പുതിയ മുഖ്യമന്ത്രിയായി അതിഷിയുടെ പേര് നിര്‍ദേശിച്ചത്.
കെജ്‌രിവാള്‍ മന്ത്രിസഭയില്‍ ധനകാര്യം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന അതിഷി ദല്‍ഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ്. കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിത്തും ബി.ജെ.പിയുടെ സുഷമ സ്വരാജുമായിരുന്നു മുന്‍ വനിതാ മുഖ്യമന്ത്രിമാര്‍. രാജ്യത്തെ പതിനേഴാമത്തെ വനിതാ മുഖ്യമന്ത്രി കൂടിയാണ് അതിഷി.
അതേസമയം കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അതിഷി ദല്‍ഹി മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍ ഔദ്യോഗിക വസതിയില്‍ നിന്ന് ലെഫ്. ഗവര്‍ണറുടെ നിര്‍ദേശ പ്രകാരം ഇറക്കി വിട്ടതായി ആം ആദ്മി ആരോപിച്ചിരുന്നു.
സിവില്‍ ലൈനിലെ ഫ്ളാഗ്സ്റ്റോഫ് റോഡിലെ ബംഗ്ലാവില്‍ നിന്ന് അതിഷിയുടെ വസ്തുവകകള്‍ നീക്കം ചെയ്ത പൊതുമരാമത്ത് അധികൃതര്‍ കെട്ടിടം സീല്‍ ചെയ്ത് പൂട്ടുകയായിരുന്നു. അതിഷിക്ക് പകരം മറ്റൊരു ബി.ജെ.പി നേതാവിന് വസതി കൈമാറാന്‍ ലെഫ്.ഗവര്‍ണര്‍ നീക്കം നടത്തുന്നതായും എ.എ.പി പുറത്തുവിട്ട പ്രസ്താവനയില്‍ ആരോപിച്ചിരുന്നു.
Content Highlight: Delhi Lt. Governor praised Atishi Singh ; says she is better than Kejriwal