ന്യൂദല്‍ഹി: ദല്‍ഹിയില്‍ യമുനാ നദി അപകടനിലയും കവിഞ്ഞ് ഒഴുകുന്നത് തുടരുന്നതോടെ രാജ്യതലസ്ഥാനമായ ദല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്കത്തിലായി. വിവിധയിടങ്ങളില്‍ റോഡുകളിലേക്കും വീടുകളിലേക്കും വെള്ളം കയറുകയാണ്. ഇന്നലെ മുതല്‍ ദല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
യമുന ഖാദര്‍ രാം മന്ദിറിന് സമീപം 200ഓളം പേര്‍ കുടുങ്ങിക്കിടക്കുകയാണ്. കശ്മീരി ഗേറ്റ് റോഡ്, ഭൈറോണ്‍ മാര്‍ഗ്, മ്ജനു കാ ടില എന്നിവിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. കശ്മീരി ഗേറ്റ് റോഡിലും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുകയാണ്.
യമുന നദിയിലെ ജലനിരപ്പ് അപകട നിലയ്ക്കും മൂന്ന് മീറ്റര്‍ മുകളിലാണ്. നിലവില്‍ 208.13 മീറ്ററാണ് യമുനയിലെ ജലനിരപ്പെന്ന് കേന്ദ്ര ജല കമ്മീഷന്‍ പറഞ്ഞു. കഴിഞ്ഞ 44 വര്‍ഷത്തിന് ശേഷമുള്ള ഏറ്റവുമുയര്‍ന്ന ജലനിരപ്പാണിത്.
താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന 16,564 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. 14,534 പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
ദല്‍ഹിയിലെ പ്രളയത്തിന് കാരണം ഹരിയാനയിലെ ഹദിനികുണ്ഠ് അണക്കെട്ടില്‍ നിന്ന് അമിതമായ അളവില്‍ ബി.ജെ.പി സര്‍ക്കാര്‍ വെള്ളം ഒഴുക്കിവിടുന്നത് മൂലമാണെന്ന് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉടന്‍ ഇടപെടണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.
അതേസമയം, വിഷയത്തില്‍ അമിത് ഷാ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. രാവിലെ 10 മണി വരെ ജലനിരപ്പ് ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ജലനിരപ്പ് താഴുമെന്നും കേന്ദ്ര ജല കമ്മീഷന്‍ അറിയിച്ചു.