| Saturday, 21st December 2024, 3:35 pm

ദല്‍ഹി മദ്യനയക്കേസ്; അരവിന്ദ് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഇ.ഡിക്ക് ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി മദ്യനയക്കേസില്‍ ദല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ വിചാരണ ചെയ്യാന്‍ ഇ.ഡിക്ക് അനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്. ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്‌സേനയില്‍ നിന്നാണ് ഇ.ഡിക്ക് അനുമതി ലഭിച്ചത്.

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് നാലാഴ്ചകള്‍ ബാക്കി നില്‍ക്കെയാണ് മദ്യനയക്കേസില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ ഇ.ഡിക്ക് അനുമതി ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡിസംബര്‍ അഞ്ചാം തീയ്യതി അരവിന്ദ് കെജ്‌രിവാളിനെ വിചാരണ ചെയ്യാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് ലഫ്റ്റനന്റ് ഗവര്‍ണറെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയിരിക്കുന്നത്.

നവംബര്‍ ആറിലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം പൊതുപ്രവര്‍ത്തകരെ അഴിമതി, കള്ളപ്പണ കേസുകള്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ മുന്‍കൂര്‍ അനുമതി ഇല്ലാതെ പ്രോസിക്യൂട്ട് ചെയ്യാന്‍ പാടില്ലെന്ന ചട്ടമുണ്ട്. ഇത് പ്രകാരമാണ് ലഫ്റ്റനന്റ് ഗവര്‍ണറിനോട് അനുമതി ആവശ്യപ്പെട്ടതെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇ.ഡി കെജ്‌രിവാളിനെതിരെ നടത്തിയ നീക്കത്തില്‍ ശക്തമായ പ്രതിഷേധവുമായി ആം ആദ്മി വൃത്തങ്ങള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

സെപ്റ്റംബറിലാണ് മദ്യനയക്കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ലഭിച്ചത്. ഇതോടെ ഇ.ഡി കേസിന് പിന്നാലെ സി.ബി.ഐ കേസിലും കെജ്‌രിവാളിന് ജാമ്യം ലഭിച്ചു. സുപ്രീം കോടതിയാണ് അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്.

ദല്‍ഹി മദ്യനയക്കേസില്‍ ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ അരവിന്ദ് കെജ്‌രിവാള്‍ തന്റെ അറസ്റ്റും ജാമ്യവും സംബന്ധിച്ച് നല്‍കിയ ഹരജിയിലാണ് കോടതി സെപതംബറില്‍ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സൂര്യകാന്ത്, ഉജ്ജ്വല്‍ ഭൂയാന്‍എന്നിവരടങ്ങുന്ന ബെഞ്ചാണ് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. സെപ്റ്റംബര്‍ അഞ്ചിനായിരുന്നു ബെഞ്ച് കേസ് പരിഗണിച്ചത്.

എ.എ.പി ദേശീയ കണ്‍വീനറും മുഖ്യമന്ത്രിയുമായ കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മാര്‍ച്ചില്‍ ആണ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് മൂന്ന് മാസങ്ങള്‍ക്ക് ശേഷം സി.ബി.ഐയും അറസ്റ്റ് ചെയ്തു. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ജൂലായില്‍ സുപ്രീം കോടതി ജൂലൈയില്‍ ജാമ്യം അനുവദിച്ചെങ്കിലും സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസ് കാരണം ജയിലില്‍ തന്നെ തുടരുകയായിരുന്നു.

Content Highlight: Delhi Liquor Policy Case; Lt Governor’s permission for ED to prosecute Arvind Kejriwal

We use cookies to give you the best possible experience. Learn more