ദല്‍ഹി മദ്യനയക്കേസ്; കെ. കവിതയെ കസ്റ്റഡിയിലെടുത്ത് സി.ബി.ഐ
national news
ദല്‍ഹി മദ്യനയക്കേസ്; കെ. കവിതയെ കസ്റ്റഡിയിലെടുത്ത് സി.ബി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th April 2024, 9:03 pm

ന്യൂദല്‍ഹി: ദല്‍ഹി മദ്യനയക്കേസില്‍ ബി.ആര്‍.എസ് നേതാവ് കെ. കവിതയെ സി.ബി.ഐ കസ്റ്റഡിയിലെടുത്തു. ഏപ്രില്‍ 15 വരെ മൂന്ന് ദിവസത്തേക്കാണ് കവിതയെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടത്.

കേസില്‍ കവിതയുടെ ഇടക്കാല ജാമ്യ ഹരജി വിചാരണ കോടതി അടുത്തിടെ തള്ളിയിരുന്നു. പിന്നാലെ ഏപ്രില്‍ 23 വരെ കവിതയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കൊണ്ട് കോടതി ഉത്തരവിടുകയും ചെയ്തു.

തിഹാര്‍ ജയിലില്‍ തുടരുന്നതിനിടെയാണ് കവിതയെ സി.ബി.ഐ കസ്റ്റഡിയില്‍ എടുത്തത്. മാര്‍ച്ച് 15നാണ് മദ്യനയക്കേസില്‍ കവിതയെ ഇ.ഡി അറസ്റ്റ് ചെയ്തത്.

സി.ബി.ഐയും കേസ് അന്വേഷിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ദല്‍ഹി മദ്യനയ രൂപീകരണത്തിലെ ആനുകൂല്യം ലഭിക്കുന്നതിന് അരവിന്ദ് കെജ്‌രിവാളും ദല്‍ഹി ഉപ മുഖ്യമന്ത്രി ആയിരുന്ന മനീഷ് സിസോദിയയും ഉള്‍പ്പടെയുള്ള എ.എ.പി നേതാക്കളുമായി കവിത ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

ഇതിന് പകരമായി നേതാക്കള്‍ക്ക് കവിത 100 കോടി രൂപ കൈമാറിയെന്നുമാണ് ഇ.ഡി കോടതിയെ അറിയിച്ചത്. കവിതക്ക് പുറമേ കെജ്‌രിവാളിനെയും ചോദ്യം ചെയ്യാനുള്ള നീക്കങ്ങള്‍ സി.ബി.ഐ നടത്തുന്നുണ്ട്. കവിതയെ കസ്റ്റഡിയില്‍ വാങ്ങുന്നതിനിടെ കെജ്‌രിവാളിനെ കുറിച്ചും സി.ബി.ഐ കോടതിയില്‍ പരാമര്‍ശിച്ചിരുന്നു.

Content Highlight: Delhi Liquor Policy Case; K. Kavitha was taken into custody by the CBI