ദല്‍ഹി മദ്യനയക്കേസ്; അരവിന്ദ് കെജ്‌രിവാള്‍ ഗൂഢാലോചനയില്‍ പങ്കെടുത്തെന്ന് സി.ബി.ഐ
national news
ദല്‍ഹി മദ്യനയക്കേസ്; അരവിന്ദ് കെജ്‌രിവാള്‍ ഗൂഢാലോചനയില്‍ പങ്കെടുത്തെന്ന് സി.ബി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th September 2024, 12:21 pm

ന്യൂദല്‍ഹി: ദല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ആരോപണവുമായി സി.ബി.ഐ. ദല്‍ഹി മദ്യനയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും കെജ്‌രിവാളിന് പങ്കുണ്ടെന്നും അദ്ദേഹം ക്രിമിനല്‍ ഗൂഢാലോചനയില്‍ കക്ഷി ആണെന്നുമാണ് സി.ബി.ഐ ആരോപിക്കുന്നത്.

മദ്യനയക്കേസില്‍ സി.ബി.ഐ പുതുതായി പുറത്ത് വിട്ടിട്ടുള്ള കുറ്റപത്രത്തിലാണ് കെജ്‌രിവാളിനെതിരായുള്ള ആരോപണം. കേസിലെ അഞ്ചാമത്തെയും ആറാമത്തെയും കുറ്റപത്രം കഴിഞ്ഞ ദിവസമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മദ്യനയം സ്വകാര്യവത്ക്കാനുള്ള ആശയം ഉണ്ടായിരുന്നുവെന്നും സി.ബി.ഐ ആരോപിക്കുന്നുണ്ട്.

എന്നാല്‍ മദ്യനയത്തില്‍ കെജ്‌രിവാളിന്റെ കൂട്ടുപ്രതിയായി ആരോപിക്കപ്പെടുന്ന മനീഷ് സിസോദിയയോട് 2021 മാര്‍ച്ചില്‍ കെജ്‌രിവാള്‍ ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരുന്നതായും സി.ബി.ഐ പറയുന്നുണ്ട്.

കൂടാതെ ആം ആദ്മി പാര്‍ട്ടി അനുയായിയും പാര്‍ട്ടിയുടെ മാധ്യമങ്ങളുടെയും കമ്മ്യൂണിക്കേഷന്റെയും ചുമതലയുള്ള വിജയ് നായര്‍ മദ്യനയവുമായി ബന്ധപ്പെട്ട് പല ഓഹരി ഉടമകളെയും കമ്പനികളെയും കണ്ടിരുന്നുവെന്നും ഏജന്‍സി ആരോപിക്കുന്നുണ്ട്.

എന്നാല്‍ മദ്യനയക്കേസില്‍ ജാമ്യത്തിലിറങ്ങിയ കെ.കവിതയുടെ നേതൃത്വത്തിലുള്ള സൗത്ത് ഗ്രൂപ്പിലെ പ്രതികളുമായി ബന്ധപ്പെടാന്‍ വിജയ് നായര്‍ പ്രവര്‍ത്തിച്ചതായും 100 കോടി രൂപ അവരില്‍ നിന്നും നേടിയെന്നും സി.ബി.ഐ ആരോപിച്ചു.

ഹവാല ഇടപാടില്‍ മറ്റുപ്രതികളായ വിനോദ് ചൗഹാനും ആശിഷ് മാത്തൂരും സമ്പാദിച്ച പണം ഗോവയിലേക്ക് മാറ്റിയതിലും കെജ്‌രിവാളിന് പങ്കുണ്ടെന്നാണ് സി.ബി.ഐ ആരോപിക്കുന്നത്. കൂടാതെ കെജ്‌രിവാളിന്റെ നിര്‍ദേശപ്രകാരമാണ് സൗത്ത് ഗ്രൂപ്പില്‍ നിന്നുള്ള പണം തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ഗോവയിലേക്ക് മാറ്റിയതെന്നും അതിന്റെ ലാഭവിഹിതമെല്ലാം ലഭിച്ചത് കെജ്‌രിവാളിന് തന്നെയാണെന്നും ആരോപണമുണ്ട്. ഇതിന് പിന്നില്‍ എ.എ.പിയുടെ ഗോവ ചുമതലയുള്ള ദുര്‍ഖേഷ് പഥക്കിനും ഉത്തരവാദിത്തമുണ്ടെന്നാണ് സി.ബി.ഐ.യുടെ വാദം.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തീഹാര്‍ ജയിലില്‍ തടവിലായിരിക്കുന്ന സമയത്ത് കെജ്‌രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം കെജ്‌രിവാളിനെതിരെയും പാര്‍ട്ടിക്കെതിരെയും സി.ബി.ഐ നടത്തിയ ആരോപണങ്ങളെല്ലാം ആം ആദ്മി നിഷേധിച്ചിട്ടുണ്ട്.

Content Highlight: delhi liquor policy case; CBI says that aravind kejriwal participated in the conspiracy