ന്യൂദൽഹി: 2010ൽ നടത്തിയ പ്രസ്താവനകളുടെ പേരിൽ അരുന്ധതി റോയിയെയും കാശ്മീർ സെൻട്രൽ യൂണിവേഴ്‌സിറ്റി മുൻ പ്രൊഫസർ ഷെയ്ഖ് ഷൗക്കത്ത് ഹുസൈനെതിരെയും ചുമത്തിയ യു.എ.പി.എ പിൻവലിക്കണമെന്നാവശ്യപ്പെട്ട കത്തുമായി അക്കാഡമിസ്റ്റുകളും ആക്ടിവിസ്റ്റുകളും. അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്.
ചരിത്രകാരി റോമില ഥാപ്പർ, പത്രപ്രവർത്തകൻ പരഞ്ജോയ് ഗുഹ താകുർത്ത, മുൻ എം.പിയും പത്രപ്രവർത്തകനുമായ കുമാർ കേത്കർ, സാമൂഹിക പ്രവർത്തക മുക്ത മനോഹർ, സാമൂഹിക പ്രവർത്തകൻ സുനിൽ ചവാൻ, കവിയും എഴുത്തുകാരനുമായ ശ്രീരഞ്ജൻ അവാതെ, യോഗേന്ദ്രയാദവ്, തുഷാർ ഗാന്ധി തുടങ്ങി 200ലധികം പേരാണ് കത്തിൽ ഒപ്പു വെച്ചത്.
‘അരുന്ധതി റോയ്‌ക്കെതിരെയും ഡോ. ഹുസൈനെതിരെയും യു.എ.പി.എ ചുമത്താൻ അനുമതി നൽകുന്ന നടപടിയെ അപലപിക്കുന്നു, സ്വതന്ത്രമായും നിർഭയമായും അഭിപ്രായം പ്രകടിപ്പിക്കാനുള്ള മൗലികാവകാശത്തിൻ്റെ ലംഘനം നമ്മുടെ രാജ്യത്ത് നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാരിനോടും രാജ്യത്തെ ജനാധിപത്യ ശക്തികളോടും അഭ്യർത്ഥിക്കുന്നു,’ എന്നായിരുന്നു കത്തിൽ അവർ ആവശ്യപ്പെട്ടത്.
2010-ൽ ദൽഹിയിൽ നടന്ന ഒരു പരിപാടിയിൽ എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവായ അരുന്ധതി റോയിയും കാശ്മീർ സെൻട്രൽ യൂണിവേഴ്‌സിറ്റി മുൻ പ്രൊഫസർ ഷെയ്ഖ് ഷൗക്കത്ത് ഹുസൈനും പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്നാരോപിച്ചാണ്, അവർക്കെതിരെ പൊലീസ് കേസെടുത്തത്. ഇവരെ യു.എ.പി.എ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ ദൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേന കഴിഞ്ഞയാഴ്ച അനുമതി നൽകുകയായിരുന്നു.
ജനങ്ങൾക്കിടയിൽ ശത്രുത വളർത്തുക, ദേശീയ ഉദ്ഗ്രഥനത്തിന് വിഘാതം സൃഷ്ടിക്കുക, കലാപം ഉണ്ടാക്കുകയോ ഭരണകൂടത്തിനെതിരെയുള്ള കുറ്റകൃത്യങ്ങൾ പ്രേരിപ്പിക്കുകയോ ചെയ്യുക എന്ന ഉദ്ദേശത്തോടെ വിവരങ്ങൾ പ്രചരിപ്പിക്കുക എന്നിവയുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് അരുന്ധതി റോയ്‌ക്കെതിരെയും ഹുസൈനെതിരെയും കേസെടുത്തത്.
എന്നാൽ അരുന്ധതി റോയ്‌ക്കെതിരെ യു.എ.പി.എ ചുമത്താനാവില്ലെന്നും, രാജ്യത്ത് അക്രമമോ, പൊതു ക്രമക്കേടോ ഉണ്ടായെങ്കിൽ മാത്രമേ രാജ്യദ്രോഹത്തിന് ഒരാൾക്കെതിരെ കേസെടുക്കാൻ കഴിയൂ എന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ടെന്നും കത്തിൽ സൂചിപ്പിക്കുന്നു.
‘നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യമാണ് അപകടത്തിലായിരിക്കുന്നത്. ഇന്ത്യയിലെ പൗരൻമാരായ ഞങ്ങൾ ഈ നടപടിയെ അപലപിക്കുന്നു, റോയിക്കും ഡോ. എസ്. ഹുസൈനുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള ഈ അനുമതി ലഫ്റ്റനൻ്റ് ഗവർണർ ഉടൻ പിൻവലിക്കണമെന്നും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഭരണഘടനാപരമായ പോരാട്ടം മുന്നോട്ട് കൊണ്ടുപോകാൻ രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധാലുക്കളാകണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്. യു.എ.പി.എ പോലുള്ള ക്രൂരമായ നിയമങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു,’ കത്തിൽ പറയുന്നു.
Content Highlight: Delhi LG Must Withdraw UAPA Sanction in Arundhati Roy Case: 200+ Academics, Activists, Journalists