| Friday, 14th June 2024, 8:19 pm

പ്രകോപനപരമായ പ്രസംഗം; അരുന്ധതി റോയിയെ യു.എ.പി.എ ചുമത്തി വിചാരണ ചെയ്യാന്‍ അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രമുഖ എഴുത്തുകാരി അരുന്ധതി റോയിയെ യു.എ.പി.എ ചുമത്തി വിചാരണ ചെയ്യാന്‍ അനുമതി നല്‍കി ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന. 2010ല്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് ഇവരെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

അരുന്ധതി റോയിക്ക് പുറമെ കശ്മീര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ മുന്‍ പ്രൊഫസര്‍ ഡോ. ഷെയ്ഖ് ഷൗക്കത്ത് ഹുസൈനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

2010ല്‍ ‘ആസാദി ദി ഓണ്‍ലി വേ’ എന്ന പേരില്‍ കമ്മിറ്റി ഫോര്‍ റിലീസ് പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ് സംഘടിപ്പിച്ച പരിപാടിയില്‍ ഇരുവരും പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നും ഇന്ത്യയില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ കശ്മീരികള്‍ ശ്രമിക്കണമെന്ന് അരുന്ധതി റോയ് പ്രസംഗിച്ചെന്നും പരാതിയില്‍ ആരോപിച്ചു.

കശ്മീരില്‍ നിന്നുള്ള ആക്ടിവിസ്റ്റായ സുശീല്‍ പണ്ഡിറ്റാണ് ഇവര്‍ക്കെതിരെ ദല്‍ഹി മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. ഇതില്‍ 2010ല്‍ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

ഇതനുസരിച്ച് പ്രാഥമിക അന്വേഷണത്തിന് ശേഷമുള്ള നടപടികള്‍ക്കാണ് ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഇപ്പോള്‍ പൊലീസിന് അനുമതി നല്‍കിയിരിക്കുന്നത്.

Content Highlight: Delhi LG approves prosecution of Arundhati Roy under UAPA

We use cookies to give you the best possible experience. Learn more