| Sunday, 7th July 2024, 7:24 pm

കൈക്കൂലി കേസ്; എ.എ.പി നേതാവ് സത്യേന്ദർ ജെയ്‌നിനെതിരെ അന്വേഷണം നടത്താൻ അനുമതി നൽകി ദൽഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൈക്കൂലി കേസില്‍ ദല്‍ഹി മുന്‍ മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ സത്യേന്ദര്‍ ജെയ്‌നിനെതിരെ അന്വേഷണം നടത്താന്‍ അനുമതി നല്‍കി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന. ക്ലോസ് സര്‍ക്യൂട്ട് ടെലിവിഷന്‍ ക്യാമറകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട കൈക്കൂലി കേസില്‍ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താനാണ് അനുമതി നല്‍കിയത്.

ദേശീയ തലസ്ഥാനത്ത് സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കാന്‍ ചുമതലപ്പെടുത്തിയിരുന്ന സ്ഥാപനത്തിന് 16 കോടി രൂപ പിഴ ചുമത്തിയത് ഒഴിവാക്കുന്നതിന് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡില്‍ നിന്ന് ജെയിന്‍ ഏഴ് കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. 571 കോടി രൂപയുടെതായിരുന്നു ഈ പദ്ധതി.

2019 സെപ്റ്റംബറിലാണ് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിലെ ഒരു ജീവനക്കാരന്‍ അഴിമതി വിരുദ്ധ ബ്രാഞ്ചില്‍ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്. കമ്പനി സത്യേന്ദര്‍ ജെയിനിന് കൈക്കൂലി നല്‍കിയതായി പരാതിക്കാരന്‍ ആരോപിച്ചു.

എന്നാല്‍ ദല്‍ഹിയിലെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി ജെയിനിനെതിരായ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. എ.എ.പിക്കെതിരെ ബി.ജെ.പി നിരന്തരം നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്നും പാര്‍ട്ടി പ്രതികരിച്ചു.

ദല്‍ഹി സര്‍ക്കാരിനെതിരെ രാപ്പകല്‍ ഭേദമന്യേ ബി.ജെ.പി അതിന്റെ കുതന്ത്രങ്ങള്‍ മെനയുകയാണെന്നും എ.എ.പിയെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സത്യേന്ദര്‍ ജെയിന്‍ നിലവില്‍ ജയിലിലാണ്.

2022 മെയ് മാസത്തില്‍ ഇ.ഡിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

അഴിമതി നിരോധന നിയമപ്രകാരം 2017 ഓഗസ്റ്റില്‍ ജെയിനിനെതിരെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ നല്‍കിയ കേസിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അറസ്റ്റ്. ഒരു വര്‍ഷത്തിനുശേഷം, ജെയ്‌നിനും അദ്ദേഹത്തിന്റെ ഭാര്യക്കും നാല് മക്കള്‍ക്കുമെതിരെയാണ് ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജെയിന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ കാലതാമസം കൂടാതെ തീരുമാനമെടുക്കാന്‍ ദല്‍ഹി ഹൈക്കോടതിയോട് ജൂണ്‍ 25ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ കേസ് അന്വേഷണത്തിന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയത്.

Content Highlight: Delhi LG allows probe against AAP leader Satyendar Jain in bribery case

We use cookies to give you the best possible experience. Learn more