2020 ലെ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം സംബന്ധിച്ച പ്രവചനങ്ങളെല്ലാം തന്നെ ആം ആദ്മിക്ക് അനുകൂലമാണ്. 2015 നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും പിടിച്ചെടുത്ത് മികച്ച മുന്നേറ്റമുണ്ടാക്കിയ ആം ആദ്മി തന്നെ ഇത്തവണയും വിജയിക്കുമെന്നര്‍ത്ഥം.
എന്നാല്‍ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണയിക്കുന്ന രണ്ട് പ്രധാനപ്പെട്ട ഘടകങ്ങളുണ്ട്.
ഒന്ന് കേന്ദ്രസര്‍ക്കാരിനേയും സംസ്ഥാനസര്‍ക്കാരിനേയും തെരഞ്ഞെടുക്കുന്നതില്‍ വോട്ടര്‍മാരുടെ മനോഭാവം.
രണ്ട് തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രകടനം
കേന്ദ്രസര്‍ക്കാരിനെയും സംസ്ഥാനസര്‍ക്കാരിനേയും തെരഞ്ഞെടുക്കുമ്പോള്‍ വോട്ടര്‍മാര്‍ വ്യത്യാസം കാണിക്കുമോ? 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആ വ്യത്യാസം പ്രകടമായിരുന്നു. കാരണം 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 7 സീറ്റില്‍ ജയിച്ച ബി.ജെ.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളിലായി ചുരുങ്ങി. ഇത് തന്നെയായിരുന്നു ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലും പ്രകടമായത്.
രണ്ടാമത്തെ ഘടകം ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രകടനമാണ്. കഴിഞ്ഞ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ആംആദ്മിയുടെ വിജയം കോണ്‍ഗ്രസിന്റെ പ്രകടത്തെ ആശ്രയിച്ചിരിന്നുവെന്ന് വേണം പറയാന്‍. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ വലിയ തിരിച്ചടി ആംആദ്മിയുടെ വിജയത്തിലേക്ക് നയിക്കുകയും അതേസമയം ബി.ജെ.പിയുടെ വോട്ട് വിഹിതം വര്‍ധിക്കാനും ഇടയാക്കി. 2015 ല്‍ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2013 ല്‍ കോണ്‍ഗ്രസിന് 8 സീറ്റുകള്‍ ലഭിച്ചിട്ടുമുണ്ടായിരുന്നു.
ആം ആദ്മി പാര്‍ട്ടിയുടേയും കോണ്‍ഗ്രസിന്റെയും വോട്ടുകള്‍ ഒരേ വിഭാഗങ്ങളില്‍ നിന്നുള്ളവയാണ്. അത് കൊണ്ട് തന്നെ ഇനിയും ആംആദ്മി പാര്‍ട്ടി തന്നെ അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് അപകടത്തിലാവുമെന്ന പേടിയും കോണ്‍ഗ്രസിനേയും ബാധിച്ചിട്ടുണ്ട്.
മുന്‍പേ തന്നെ കോണ്‍ഗ്രസ് ഭരിച്ചിരുന്ന ദല്‍ഹിയില്‍ 1993 ലായിരുന്നു ബി.ജെ.പി അധികാരത്തിലേറിയത്. പിന്നീട് 1998 ല്‍ കോണ്‍ഗ്രസ്സ് ഭരണം വീണ്ടെടുക്കുകയും ഷീല ദീക്ഷിത് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയുമായിരുന്നു. എന്നാല്‍ പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഷീലാ ദീക്ഷിതിന്റെ കോണ്‍ഗ്രസ്സ് ഭരണം നിലനിര്‍ത്തിയെങ്കിലും 2015 ലെ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുകയായിരുന്നു.
ഷീല ദീക്ഷിത് ഇല്ലാത്തതും ദല്‍ഹിയില്‍ കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്ന ഘടകമാണ്. സംസ്ഥാനത്തെ ജനങ്ങളോട് ഏറ്റവും അടുപ്പമുള്ള കോണ്‍ഗ്രസ് നേതാവായിരുന്നു ഷീല ദീക്ഷിത്. മുന്‍ മുഖ്യമന്ത്രിയ്ക്ക് പകരം മറ്റൊരു നേതാവിനെ അതേ ജനപ്രീതിയുള്ള നേതാവിനെ കണ്ടെത്താന്‍ പറ്റിയിട്ടില്ലെന്നുള്ളതും കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നുണ്ട്.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പട്ടിക ജാതി, മുസ്ലീം വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിക്കാത്തത് കോണ്‍ഗ്രസിനും ആംആദ്മിക്കും വലിയ പ്രതീക്ഷയായിരുന്നു നല്‍കിയത്. എന്നാല്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും വോട്ടുകള്‍ പിടിച്ചെടുത്ത് ആംആദ്മി പാര്‍ട്ടി രണ്ടാമതും അധികാരത്തില്‍ എത്തുമോയെന്നത് ഫെബ്രുവരി 11 ന് ഫലപ്രഖ്യാപനത്തിന്റെ അന്നറിയാം.