| Friday, 19th November 2021, 1:16 pm

വിദ്വേഷ പ്രസംഗം എന്നതിന്റെ ഇന്ത്യയിലെ നിര്‍വചനമറിയാമോ? ദല്‍ഹി കലാപ വിഷയത്തില്‍ ഫേസ്ബുക്കിന്റെ വിദ്വേഷപ്രസംഗ പോളിസിയെ ചോദ്യം ചെയ്ത് ദല്‍ഹി നിയമസഭാ കമ്മിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി കലാപ വിഷയത്തില്‍ ഇന്ത്യയിലെ ഫേസ്ബുക്കിന്റെ വിദ്വേഷപ്രസംഗ പോളിസിയെ ചോദ്യം ചെയ്ത് ദല്‍ഹി നിയമസഭാ കമ്മിറ്റി. 2020 ഫെബ്രുവരിയില്‍ ദല്‍ഹിയില്‍ നടന്ന കലാപത്തിന് ഒരു മാസം മുമ്പും രണ്ട് മാസത്തിന് ശേഷവും ഉപയോക്താക്കളുടെ പരാതികളും റിപ്പോര്‍ട്ടുകളും സംബന്ധിച്ച് ഫേസ്ബുക്കിന് ലഭിച്ചിട്ടുള്ള എല്ലാ രേഖകളും ഹാജരാക്കാന്‍ ദല്‍ഹി നിയമസഭയുടെ പീസ് ആന്‍ഡ് ഹാര്‍മണി കമ്മിറ്റി ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ അജിത് മോഹനെയായിരുന്നു കമ്മിറ്റി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നത്. എന്നാല്‍ പകരം കമ്പനിയുടെ പബ്ലിക് പോളിസി വിഭാഗം ഡയറക്ടര്‍ ശിവ് നാദ് തുക്രല്‍ ആണ് കമ്മിറ്റിയ്ക്ക് മുന്നില്‍ ഹാജരായത്. വ്യാഴാഴ്ചയായിരുന്നു ഹാജരായത്.

2020 ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ അവസാനം വരെ ഫേസ്ബുക്കില്‍ നടന്നിട്ടുള്ള ഫാക്ട് ചെക്കിങ്ങ് കാര്യങ്ങളുടെ റെക്കോര്‍ഡുകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

നിയമമനുസരിച്ച് കമ്മിറ്റിയുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ശിവ് നാദ് തുക്രല്‍ പറഞ്ഞു. സാങ്കേതിക വിദ്യ ഉപയോഗിച്ചും ഉദ്യോഗസ്ഥര്‍ ഇടപെട്ടും തെറ്റായ വാര്‍ത്തകളും വിദ്വേഷ പ്രസംഗങ്ങളും തിരിച്ചറിയുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാറുണ്ടെന്നാണ് തുക്രലിന്റെ വാദം.

കമ്മിറ്റി ചെയര്‍പേഴ്‌സണായ രാഘവ് ഛദ്ദ തുക്രലിനെ ചോദ്യം ചെയ്തിരുന്നു. കമ്മിറ്റിയില്‍ അംഗമായ എം.എല്‍.എ ഭൂപീന്ദര്‍ സിംഗ് ജൂനും വിഷയത്തിന്മേല്‍ തുക്രലിനോട് ചോദ്യങ്ങളുന്നയിച്ചിരുന്നു.

ഇന്ത്യന്‍ സാഹചര്യത്തില്‍ വിദ്വേഷ പ്രസംഗം എന്നതിന്റെ നിര്‍വചനമെന്താണെന്ന് തുക്രലിനോട് ചോദിച്ച ബി.എസ് ജൂന്‍, ഒരു പരാതി ലഭിച്ച് കഴിഞ്ഞ് എത്ര കാലത്തേയ്ക്ക് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് നിലനില്‍ക്കുമെന്നും ചോദിച്ചു. കമ്യൂണിറ്റി ഗൈഡ്‌ലൈന്‍സിന്റെ ലംഘനമാണെന്ന് കണ്ടാല്‍ അത് ഉടന്‍ നീക്കം ചെയ്യുമെന്നായിരുന്നു തുക്രലിന്റെ മറുപടി.

യൂസേഴ്‌സിന്റെ ഭാഗത്ത് നിന്നുള്ള പരാതിയാണെങ്കില്‍ 14 ദിവസത്തിനുള്ളില്‍ അവര്‍ മറുപടി പറയേണ്ടതുണ്ടെന്ന തുക്രലിന്റെ പ്രസ്താവനയോട് ”14 ദിവസത്തിനുള്ളില്‍ ആ പോസ്റ്റ് കാരണം ഉണ്ടാകേണ്ട നാശനഷ്ടങ്ങളൊക്കെ ഉണ്ടാകു”മെന്നായിരുന്നു കമ്മിറ്റി അംഗമായ ജൂന്‍ പറഞ്ഞത്.

ഇന്ത്യന്‍ സാഹചര്യത്തിലെ വിദ്വേഷ പ്രസംഗം സംബന്ധിച്ച് ഫേസ്ബുക്കിന് സ്വതന്ത്രമായ ഒരു നിര്‍വചനം ഇല്ലാത്തത് ആശങ്കപ്പെടുത്തുന്നതാണെന്ന് ഛദ്ദ പറഞ്ഞു.

അതേസമയം, പ്ലാറ്റ്‌ഫോമില്‍ പ്രത്യക്ഷപ്പെടുന്ന വിദ്വേഷ പരാമര്‍ശങ്ങള്‍ തങ്ങള്‍ക്കും പ്രശ്‌നമാണെന്നും അത് വേദനിപ്പിക്കുന്നുണ്ടെന്നും തുക്രല്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ”വിദ്വേഷം നിങ്ങളെ വേദനിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാനാവില്ല. കാരണം, വിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ വൈറലാവുന്നത് നിങ്ങള്‍ക്ക് വരുമാനം നേടിത്തരുന്നുണ്ടല്ലോ,” എന്നായിരുന്നു ഇതിന് ഛദ്ദയുടെ മറുപടി.

നേരത്തെ അജിത് മോഹനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച കമ്മിറ്റി നടപടിയെ ചോദ്യം ചെയ്ത് ഫേസ്ബുക്ക് ഇന്ത്യ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കമ്മിറ്റി നടപടി റദ്ദാക്കില്ലെന്നായിരുന്നു കോടതി പറഞ്ഞത്. അതേസമയം, സ്വയം ഒരു വിചാരണ ഏജന്‍സിയാണെന്ന തെറ്റിദ്ധാരണ കമ്മിറ്റിക്ക് ഉണ്ടാവരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

2020 മാര്‍ച്ചിലാണ് ദല്‍ഹി നിയമസഭ പീസ് ആന്‍ഡ് ഹാര്‍മണി കമ്മിറ്റി രൂപീകരിച്ചത്. ദല്‍ഹി നഗരത്തിലെ മത സൗഹാര്‍ദത്തിന് വിലങ്ങ് തടിയാവുന്നതായ ഘടകങ്ങളെ കണ്ടെത്തുക, അവയെ നീക്കം ചെയ്യുന്നതിനും ദല്‍ഹിയില്‍ വര്‍ഗീയ കലാപങ്ങളിലേയ്ക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുക എന്നിവയാണ് കമ്മിറ്റിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Delhi Legislative Assembly committee questioned Facebook’s hate speech guidelines for India

We use cookies to give you the best possible experience. Learn more