| Thursday, 24th November 2022, 7:34 pm

സ്ത്രീകള്‍ ഒറ്റക്ക് പ്രവേശിക്കുന്നതിന് ദല്‍ഹി ജമാ മസ്ജിദില്‍ വിലക്ക്; വിവാദമായതോടെ നോട്ടീസ് നീക്കി ഭരണസമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി ജമാ മസ്ജിദില്‍ സ്ത്രീകള്‍ ഒറ്റക്കും, കൂട്ടായും പ്രവേശിക്കുന്നത് വിലക്കി നോട്ടീസ്. മസ്ജിദിന് പുറത്താണ് സ്ത്രീകളെ വിലക്കിക്കൊണ്ട് ഭരണസമിതി നോട്ടീസ് പതിച്ചത്.

എന്നാല്‍ സംഭവം വിവാദമായതോടെ സ്ത്രീകള്‍ക്കുള്ള വിലക്ക് ഭരണസമിതി പിന്‍വലിച്ചു. ദല്‍ഹി ലഫ്‌നന്റ് ഗവര്‍ണറുടെ അഭ്യര്‍ത്ഥന പ്രകാരമാണ് വിലക്ക് നീക്കിയത്.

മസ്ജിദിലേക്കുള്ള മൂന്ന് ഗേറ്റിനു മുകളില്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് നോട്ടീസ് പതിച്ചത്. ‘പെണ്‍കുട്ടികളും സ്ത്രീകളും ഒറ്റക്കും കൂട്ടായും മസ്ജിദില്‍ പ്രവേശിക്കുന്നത് വിലക്കിയിരിക്കുന്നു’ എന്നാണ് നോട്ടീസില്‍ എഴുതിയിരുന്നത്.

ജമാ മസ്ജിദ് സമുച്ചയത്തിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം ലഭിക്കണമെങ്കില്‍ അവരുടെ കുടുംബത്തിലെ പുരുഷന്‍ കൂടെ വേണമെന്നും നോട്ടീസില്‍ പറയുന്നു.

നമസ്‌കാരത്തിനായി എത്തുന്നവര്‍ക്ക് ശല്യമാണെന്നും മസ്ജിദിന്റെ ദൃശ്യങ്ങള്‍ സ്ത്രീകള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് തടയാനാണ് നിരോധനമെന്ന് ജമാ മസ്ജിദിന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സബിയുള്ള ഖാന്‍ പറഞ്ഞത്.

എന്നാല്‍, സംഭവം വ്യാപകമായ പ്രതിഷേധത്തിന് ഇടയായതോടെ പ്രാര്‍ത്ഥന നടത്താന്‍ വരുന്നവര്‍ക്ക് ഉത്തരവ് ബാധകമല്ലെന്ന വിശദീകരണവുമായി ജമാ മസ്ജിദ് ഷാഹി ഇമാം സയ്യിദ് അഹ്മദ് ബുഖാരി രംഗത്തെത്തുകയായിരുന്നു.

പള്ളി ആരാധനക്കുള്ള സ്ഥലമാണ്. എന്നാല്‍ പെണ്‍കുട്ടികള്‍ അവരുടെ കാമുകനെ കാണാനായി പള്ളിയില്‍ കാത്തിരിക്കുന്നത് ശരിയല്ല. ആരാധനക്കായി ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പള്ളിയില്‍ പ്രവേശിക്കാമെന്നും അതിന് തടസമില്ലെന്നുമാണ് വിവാദത്തില്‍ ഇമാം പറഞ്ഞത്.

സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. ജമാ മസ്ജിദ് ഭരണകൂടത്തിന് നോട്ടീസ് നല്‍കുമെന്നും ഇത്തരമൊരു വിലക്ക് പുറപ്പെടുവിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നാണ് ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പ്രതികരിച്ചത്.

Content Highlight:  Delhi Jama Masjid imam agrees to revoke order barring entry of solo women

Latest Stories

We use cookies to give you the best possible experience. Learn more