ന്യൂദല്‍ഹി: കുടിവെള്ളത്തിന്റെ നികുതി വര്‍ധിപ്പിച്ച് ദല്‍ഹി സര്‍ക്കാര്‍. ഗാര്‍ഹിക ഉപയോഗത്തിനുള്ള വെള്ളത്തിന് 20 ശതമാനം നികുതിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഒരുമാസത്തില്‍ 20000 ലിറ്ററിലധികം വെള്ളം ഉപയോഗിക്കുന്നവര്‍ക്കാണ് നികുതി എര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ഇരുപതിനായിരം ലിറ്ററിന് താഴെ വെള്ളം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നികുതി വര്‍ദ്ധനവ് ബാധകമല്ലെന്ന് സര്‍ക്കാര്‍ മുഖ്യവക്താവ് നാഗേന്ദര്‍ ശര്‍മ്മ അറിയിച്ചു. ഫെബ്രുവരി മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.
2015 ല്‍ ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനമായിരുന്നു കുടിവെള്ളത്തിന്റെ നികുതിയിളവ്.
ഇരുപതിനായിരത്തിനും മുപ്പതിനായിരം ലിറ്ററിനും ഇടയില്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ആയിരം ലിറ്ററിന് 21 രൂപ വെച്ചാണ് ഈടാക്കുന്നത്. അതില്‍ കൂടുതല്‍ ഉപഭോഗം നടത്തുന്നവര്‍ ആയിരം ലിറ്ററിന് 36 രൂപ നികുതിയായി നല്‍കണം.
ഒരുമാസം എകദേശം 28 രൂപയുടെ വര്‍ദ്ധന കുടിവെള്ളത്തിന്‍ മാത്രമായി നല്‍കേണ്ടി വരുന്നു. നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ദല്‍ഹി നിവാസികള്‍ രംഗത്തെത്തിയിട്ടുണ്ട്.