ന്യൂദല്‍ഹി: തങ്ങള്‍ സമരത്തിലല്ലെന്നും, തങ്ങള്‍ക്കെതിരെ പ്രചരിപ്പിക്കപ്പെടുന്നത് വ്യാജവാര്‍ത്തയാണെന്നും കാണിച്ച് കൊണ്ട് ഐ.എ.എസ് അസോസിയേഷന്‍ രംഗത്ത്. ഐ.എ.എസ് ഓഫീസര്‍മാരുടെ സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ സമരം തുടരുന്നതിനിടെയാണ് അസോസിയേഷന്‍ രംഗത്ത് വന്നിരിക്കുന്നത്.
ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ, മന്ത്രിമാരായ ഗോപാല്‍ റായ്, സത്യേന്ദര്‍ ജയിന്‍ എന്നിവര്‍ ലഫ്റ്റ്‌നന്റ് ഗവര്‍ണ്ണര്‍ അനില്‍ ബൈജാലിന്റെ ഓഫീസിന് മുമ്പില്‍ കഴിഞ്ഞ ഒരാഴ്ചയായി സമരത്തിലാണ്. സമരത്തിന്റെ മുഖ്യ ആവശ്യം ഐ.എ.എസ് ഓഫീസര്‍മാരുടെ സമരം അവസാനിപ്പിക്കുക എന്നതാണ്.
സമരം കാരണം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല എന്നതാണ് എ.എ.പി മന്ത്രിമാരുടെ പരാതി.
എന്നാല്‍ ഐ.എ.എസ് ഓഫീസേര്‍സ് അസോസിയേഷന്‍ പ്രതിനിധിയായ മനീഷ സാക്‌സേന ഈ ആരോപണങ്ങളെ നിഷേധിച്ചു. തങ്ങള്‍ സമരത്തിലല്ല, തങ്ങള്‍ക്കെതിരെ വ്യാജവാര്‍ത്തയാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഞങ്ങള്‍ എല്ലാ മീറ്റിംഗുകളിലും പങ്കെടുക്കുന്നുണ്ട്, എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്, മനീഷ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ കേജ്‌രിവാളിന് പിന്തുണ പ്രഖ്യാപിച്ച് കേരളാ മുഖ്യമന്ത്രി പിണറായ് വിജയന്‍, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തുടങ്ങിയവര്‍ രംഗത്ത് വന്നിരുന്നു.