| Thursday, 22nd April 2021, 9:05 am

ഓക്‌സിജനില്ലാതെ 'ശ്വാസം മുട്ടി' രാജ്യതലസ്ഥാനം; കൊവിഡ് ആശുപത്രികള്‍ പ്രതിസന്ധിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് അതിവേഗത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്നു.

200 ഓളം കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ദല്‍ഹിയിലെ മാതാ ചനന്‍ ദേവി ആശുപത്രി ഉള്‍പ്പെടെ നഗരത്തിലെ നിരവധി ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായി തുടരുകയാണ്.

അടിയന്തരമായി ഓക്‌സിജന്‍ ആവശ്യമാണെന്ന് നേരത്തെ തന്നെ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ബുധനാഴ്ച രാവിലെ മുതല്‍ ഓക്‌സിജന് വേണ്ടി ആവശ്യപ്പെടുന്നുണ്ടെങ്കിലും വ്യാഴാഴ്ച രാവിലെ വരെ ഓക്‌സിജന്‍ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ച കേന്ദ്രം ദല്‍ഹിയുടെ ഓക്‌സിജന്‍ ക്വാട്ട 378 മെട്രിക് ടണ്ണില്‍ നിന്ന് 480 മെട്രിക് ടണ്ണായി ഉയര്‍ത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തേണ്ടതുകൊണ്ടുതന്നെ ഓക്‌സിജന്‍ നഗരത്തിലെത്താന്‍ കുറച്ചുകൂടി ദിവസമെടുക്കുമെന്നാണ് ദല്‍ഹി സര്‍ക്കാര്‍ അറിയിച്ചത്.

കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രവ്യാപനത്തെ തുടര്‍ന്ന് ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായതിന് പിന്നാലെ കേന്ദ്രത്തെ ശാസിച്ച് ദല്‍ഹി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഏറ്റവും രൂക്ഷമായ ഭാഷയിലാണ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചത്.

ഓക്സിജന്‍ എത്തിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ചുറ്റും നടക്കുന്ന കാര്യങ്ങളെ എങ്ങനെയാണ് കേന്ദ്രത്തിന് ഇങ്ങനെ അവഗണിക്കാന്‍ സാധിക്കുന്നതെന്നും കോടതി ചോദിച്ചു. പൗരന്മാര്‍ക്ക് സര്‍ക്കാരിനെ തന്നെയല്ലേ ആശ്രയിക്കാന്‍ സാധിക്കൂ. ഇത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. നിങ്ങള്‍ യാചിക്കുകയോ കടം വാങ്ങുകയോ മോഷ്ടിക്കുകയോ എന്ത് ചെയ്തിട്ടായാലും ജനങ്ങള്‍ക്ക് ഓക്സിജന്‍ എത്തിക്കണമെന്ന് കോടതി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Delhi hospital with 200 Covid patients runs out of oxygen; smaller hospitals complain of no supply

We use cookies to give you the best possible experience. Learn more