ന്യൂദല്‍ഹി: കിടക്കളില്ലാത്തതിനാല്‍ ഐ.സി.യുവില്‍ പ്രവേശനം ലഭിക്കാതെ കൊവിഡ് ബാധിതയായ 67 കാരി മരിച്ചതോടെ ദല്‍ഹിയിലെ ആശുപത്രിയില്‍ രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറേയും നഴ്‌സുമാരേയും ആക്രമിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
കമ്പി കൊണ്ടാണ് ഇവര്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചത്.
തിങ്കളാഴ്ച രാത്രി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച 67 കാരിയെ ആരോഗ്യസ്ഥിതി മോശമായെങ്കിലും ഐ.സി.യുവിലേക്ക് മാറ്റാനായില്ല. ചൊവ്വാഴ്ച രാവിലെ രോഗി മരിച്ചു.
ദല്‍ഹിയില്‍ കൊവിഡ് വ്യാപനം അതി രൂക്ഷമായിത്തന്നെ തുടരുകയാണ്. ഓക്സിജന്‍ ക്ഷാമം മൂലം ചികിത്സ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യമാണ് നിലവില്‍.
പ്രതിദിനം മൂന്നൂറിലധികം പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് ബാധിച്ച് ദല്‍ഹിയില്‍ മരണപ്പെട്ടത്.
ഓക്സിജന്‍ കിട്ടാതെ നിരവധിപേരാണ് ദല്‍ഹിയില്‍ മരിച്ചത്. ഓക്സിജന്‍ ഇല്ലാത്തതുകൊണ്ട് പല ആശുപത്രികളിലും പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. പ്രതിദിനം 20,000ലധികം പേര്‍ക്കാണ് ദല്‍ഹിയില്‍ കൊവിഡ് ബാധിക്കുന്നത്.
ഇതോടെ ദല്‍ഹിയിലെയും പരിസര പ്രദേശങ്ങളിലെയും പാര്‍ക്കുകളും വാഹന പാര്‍ക്കിംഗ് ഏരിയകളും താല്‍ക്കാലിക ശ്മശാനങ്ങളാക്കി മാറ്റിയിരിക്കുകയാണ് സര്‍ക്കാര്‍. ദല്‍ഹിയിലെ ശ്മശാനങ്ങളില്‍ ഒരു ദിവസം സംസ്‌ക്കരിക്കാന്‍ ഉള്ള മൃതദേഹങ്ങളെക്കാള്‍ ഇരട്ടിയാണ് നിലവില്‍ പല ശ്മശാനങ്ങളിലും ഓരോ ദിവസവും സംസ്‌ക്കരിക്കുന്നത്.
ഇതിനിടെ സംസ്‌കരിക്കാനാവാശ്യമായ വിറകിനും ദല്‍ഹിയില്‍ ക്ഷാമമുണ്ട്. പലയിടത്തും പി.പി.ഇ കിറ്റുകള്‍ പോലുമില്ലാതെയാണ് ശ്മശാനത്തിലെ ജോലിക്കാര്‍ ജോലി ചെയ്യുന്നത്.
അതേസമയം ദല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആയിരത്തിലധികം കൊവിഡ് മരണങ്ങള്‍ സര്‍ക്കാരിന്റെ ഒരു ഔദ്യോഗിക രേഖയിലും പെടാതെ പോയിട്ടുണ്ടെന്ന് എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ പ്രകാരം ഏപ്രില്‍ 18 നും ഏപ്രില്‍ 24 നും ഇടയില്‍ കൊവിഡ് ബാധിച്ച് മരിച്ച 3,096 രോഗികളുടെ ശവസംസ്‌കാരം നടത്തിയതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ ഇതേ കാലയളവില്‍ ദല്‍ഹി സര്‍ക്കാര്‍ പുറത്തുവിട്ട മൊത്തം കൊവിഡ് മരണങ്ങളുടെ എണ്ണം 1,938 ആണ്. 1,158 കൊവിഡ് മരണങ്ങളാണ് ദല്‍ഹി സര്‍ക്കാരിന്റെ കണക്കില്‍പ്പെടാതെ പോയിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Delhi Hospital Covid 19 Patient Died Relatives Attack Doctors