ന്യൂദല്‍ഹി: മദ്യത്തിന് വില വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ പെട്രോളിനും ഡീസലിനും വിലവര്‍ദ്ധിപ്പിച്ച് ദല്‍ഹി സര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ദ്ധിത നികുതി ഉയര്‍ത്തിയതിന് പിന്നാലെയാണ് ചൊവ്വാഴ്ച ഈ രണ്ട് ഇന്ധനങ്ങളുടെയും വിലയില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.
ഡീസല്‍ വില ലിറ്ററിന് 7.1 ഉം പെട്രോളിന് 1.67 രൂപയുമാണ് ഉയര്‍ത്തിയിരിക്കുന്നത്. പെട്രോളിന് വാറ്റ് 27 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി കൂട്ടി. ഡീസലിന്റെ വാറ്റ് 16.75 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി ഇരട്ടിപ്പിക്കുകയും ചെയ്തു.
കൊവിഡ് 19 നെ തുടര്‍ന്ന് സമ്പദ് വ്യവസ്ഥയില്‍ വന്ന തകര്‍ച്ച മറികടക്കാനും വരുമാനം കൂട്ടാനുമാണ് സര്‍ക്കാരിന്റെ ഈ നീക്കം. തിങ്കളാഴ്ച മദ്യവിലയിലും വലിയ തോതിലുള്ള വര്‍ദ്ധനവ് സര്‍ക്കാര്‍ വരുത്തിയിരുന്നു. കൊറോണ ഫീ എന്ന പേരില്‍ 70 ശതമാനം വര്‍ദ്ധനവാണ് മദ്യത്തിന്റെ നികുതിയില്‍ വരുത്തിയിട്ടുള്ളത്.
മദ്യ ഷോപ്പുകള്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6.30 വരെ തുറക്കാന്‍ അനുവദിക്കണമെന്ന് തിങ്കളാഴ്ച അര്‍ദ്ധരാത്രി പുറപ്പെടുവിച്ച ഉത്തരവില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.
ഒരു കുപ്പി മദ്യത്തിന്റെ എം.ആര്‍.പിയിലാണ് 70 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതായത് 1000 രൂപ വിലയുള്ള ഒരു കുപ്പി മദ്യത്തിന് ഇനി മുതല്‍ 1700 രൂപയായിരിക്കും സര്‍ക്കാര്‍ ഈടാക്കുക.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.