ന്യൂദല്‍ഹി: രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്നതില്‍ കേന്ദ്രത്തേയും ദല്‍ഹി സര്‍ക്കാരിനെയും വിമര്‍ശിച്ച് ദല്‍ഹി ഹൈക്കോടതി. നിലവിലെ ഓക്‌സിജന്‍ വിതരണത്തെ സര്‍ക്കാരുകള്‍ കാര്യമായെടുക്കുന്നില്ലെന്ന് കോടതി വിമര്‍ശിച്ചു.
‘ഒാക്‌സിജന്‍ വിതരണത്തെ ഇപ്പോഴും നിങ്ങള്‍ കാര്യമായി എടുക്കുന്നില്ല. ദല്‍ഹിയില്‍ ഓക്‌സിജന്‍ വിതരണം നടക്കുന്നു. നിങ്ങള്‍ 85 മെട്രിക് ടണ്‍ ഓക്‌സിജന്‍ നിര്‍മ്മിച്ചുവെന്ന് പറയുന്നു. എന്തുകൊണ്ട് നിങ്ങളുടെ ഓര്‍ഡറിന് മുകളില്‍ അവരുടെ ഓര്‍ഡര്‍ മുന്നേറുന്നു?കോടതി കേന്ദ്രത്തോട് ചോദിച്ചു.
എന്നാല്‍ തങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസ് നല്‍കാനാകില്ലെന്നും ഓക്‌സിജന്‍ ടാങ്കറുകളെ ആംബുലന്‍സുകളായി കണക്കാക്കണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞതെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
സോളിസിറ്റര്‍ ജനറലിന്റെ ഈ നിരീക്ഷണത്തെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു.
‘നിലവിലെ സ്ഥിതിഗതികള്‍ മനസ്സിലാക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. ഓക്‌സിജന്‍ സൗകര്യങ്ങള്‍ പുനര്‍വിതരണം ചെയ്യാന്‍ നിങ്ങളോട് പറഞ്ഞിരുന്നതാണ്. എന്നാല്‍ അതൊന്നും ചെയ്തില്ല. 21 ജീവനുകളാണ് നഷ്ടപ്പെട്ടത്,’ കോടതി പറഞ്ഞു.
ഇത് തന്റെ പണിയല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നതെന്നുമായിരുന്നു സോളിസിറ്റര്‍ ജനറല്‍ മറുപടിയായി കോടതിയെ അറിയിച്ചത്.
‘ഞാന്‍ വിതരണം ചെയ്തതിലെ പിഴവല്ല ഇത്. എന്റെ ജോലിയല്ല അത്. സംസ്ഥാനമാണ് ഈ ഉത്തരവാദിത്തങ്ങള്‍ ചെയ്യേണ്ടത്,’ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. എന്നാല്‍ ഇത് രണ്ടും നിങ്ങളുടെ ജോലിയാണെന്നും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാകില്ലെന്നും കോടതി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Delhi Highcourt Slams Union Government