ന്യൂദല്‍ഹി: ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കോടതിക്ക് പ്രഖ്യാപിക്കാനാവില്ലെന്നും മുഖ്യമന്ത്രിയെ മാറ്റി രാഷ്ട്രപതി ഭരണമോ ഗവര്‍ണര്‍ ഭരണമോ കോടതി ഏര്‍പ്പെടുത്തിയ ചരിത്രമില്ലെന്നും ദല്‍ഹി ഹൈക്കോടതി.
ദല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അരവിന്ദ് കെജ്‌രിവാളിനെ മാറ്റണമെന്ന ഹരജി പരിഗണിക്കവേയായിരുന്നു കോടതിയുടെ ഈ പരാമര്‍ശം.
കോടതികള്‍ക്ക് മുഖ്യമന്ത്രിയെ മാറ്റാനാവില്ലെന്നും മുഖ്യമന്ത്രിയായി തുടരണമോ വേണ്ടയോ എന്നത് കെജ്‌രിവാള്‍ വ്യക്തിപരമായി തീരുമാനിക്കേണ്ട കാര്യമാണെന്നും ചീഫ് ജസ്റ്റിസ് മന്‍മോഹന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
‘ ലഫ്. ഗവര്‍ണറോ രാഷ്ട്രപതിയോ ആണ് ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കോടതിക്ക് എങ്ങനെ പ്രഖ്യാപിക്കാനാവും? ഇക്കാര്യത്തില്‍ ലഫ്. ഗവര്‍ണര്‍ തീരുമാനമെടുക്കട്ടെ. അതിന് കോടതിയുടെ മാര്‍ഗനിര്‍ദേശത്തിന്റെ ആവശ്യമില്ല. നിയമാനുസൃതമായി അദ്ദേഹത്തിന് അത് നിര്‍വഹിക്കാന്‍ സാധിക്കും. കോടതി എപ്പോഴെങ്കിലും രാഷ്ട്രപതി ഭരണമോ ഗവര്‍ണര്‍ ഭരണമോ ഏര്‍പ്പെടുത്തിയതിന് ഉദാഹരണങ്ങളുണ്ടോ,’ ഹരജിക്കാരനോട് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.
ജനാധിപത്യം അതിന്റെ വഴിക്ക് നീങ്ങട്ടെയെന്ന് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണോ എന്നത് കെജ്രിവാളിന്റെ തീരുമാനമാണ്. വ്യക്തിപരമായ താത്പര്യങ്ങള്‍ ദേശീയ താത്പര്യത്തിന് കീഴിലായിരിക്കുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ടുള്ള സമാനമായ പൊതുതാത്പര്യഹരജി ഈയിടെ തള്ളിയതാണെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്റെ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
കോടതികളില്‍ ചില കീഴ്‌വഴക്കങ്ങളുള്ളത് പാലിക്കണം. ഒരുദിവസം ഒരുനിലപാടും മറ്റൊരുദിവസം മറ്റൊരു നിലപാടും സ്വീകരിക്കാനാവില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. അറസ്റ്റിലായ മുഖ്യമന്ത്രിക്ക് പദവിയില്‍ തുടരാന്‍ നിയമതടസ്സമില്ലെന്ന് നിരീക്ഷിച്ചും ജുഡീഷ്യല്‍ ഇടപെടലിന്റെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുന്‍ഹരജി കോടതി തള്ളിയത്.
ചിലനേരങ്ങളില്‍ വ്യക്തിതാത്പര്യം ദേശീയതാത്പര്യങ്ങള്‍ക്ക് താഴെയാകണം. എന്നാല്‍ ഇക്കാര്യത്തില്‍ കെജ്‌രിവാളിന് വ്യക്തിപരമായ തീരുമാനമാകാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഇതോടെ ഹരജി പിന്‍വലിക്കുകയാണെന്ന് അറിയിച്ച അഭിഭാഷകന്‍ ഇതേ ആവശ്യവുമായി ലഫ്. ഗവര്‍ണറെ സമീപിക്കുമെന്ന് അറിയിക്കുകയായിരുന്നു. ഹിന്ദു സേന ദേശീയ അധ്യക്ഷന്‍ വിഷ്ണു ഗുപ്തയാണ് ഹരജി നല്‍കിയത്.
എ.എ.പി എം.എല്‍.എമാര്‍ ചൊവ്വാഴ്ച കെജ്‌രിവാളിന്റെ ഭാര്യ സുനിതയുമായി കൂടിക്കാഴ്ച നടത്തുകയും മുഖ്യമന്ത്രി പദവി ഒഴിയാതെ കെജ്‌രിവാള്‍ ജയിലില്‍ നിന്ന് സര്‍ക്കാരിനെ നയിക്കണമെന്ന് പറയുകയും ചെയ്തിരുന്നു.
ദല്‍ഹിയിലെ രണ്ട് കോടി ജനങ്ങള്‍ മുഖ്യമന്ത്രിക്കൊപ്പമാണെന്നും അദ്ദേഹം ഒരു കാരണവശാലും രാജിവെക്കരുതെന്നും യോഗത്തില്‍ എം.എല്‍.എമാര്‍ സുനിതയോട് പറഞ്ഞു.
പാര്‍ട്ടി എം.എല്‍.എമാര്‍ രാജിവെക്കാന്‍ തയ്യാറാല്ല, അതിനാല്‍ കെജ്രിവാള്‍ സര്‍ക്കാര്‍ ജയിലില്‍ നിന്ന് നയിക്കുമെന്ന് സൗരഭ് ഭരദ്വാജ് എം.എല്‍.എ പറഞ്ഞു.
‘ഞങ്ങള്‍ ബി.ജെ.പിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്ന് അവര്‍ കരുതുന്നു. അതിന് വേണ്ടി അവര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എന്നാല്‍ അത് നടക്കില്ല. കാര്യങ്ങള്‍ പഴയത് പോലെ തന്നെ തുടരും. സൗരഭ് വ്യക്തമാക്കി.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ഏപ്രില്‍ 15 വരെയാണ് കെജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.