എ.എ.പി-ഗവര്‍ണര്‍ പോര്; ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി
national news
എ.എ.പി-ഗവര്‍ണര്‍ പോര്; ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th September 2022, 3:13 pm

ന്യൂദല്‍ഹി: ദല്‍ഹി ആം ആദ്മി സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് കനക്കുന്നതിനിടെ എ.എ.പിക്ക് നോട്ടീസയച്ച് ദല്‍ഹി ഹൈക്കോടതി. ഗവര്‍ണറെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് കോടതി നോട്ടീസയച്ചിരിക്കുന്നത്.

രാജ്യതലസ്ഥാനത്തെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിക്കും നേതാക്കള്‍ക്കുമെതിരെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന മാനനഷ്ടക്കേസ് നല്‍കിയിരുന്നു. ഈ കേസ് പരിഗണിക്കുന്നതിനിടെയാണ് പോസ്റ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതി നോട്ടീസയച്ചത്.

എ.എ.പി നേതാക്കളായ അതിഷി സിങ്, സൗരഭ് ഭരദ്വാജ്, ദുര്‍ഗേഷ് പതക്, സഞ്ജയ് സിങ്, ഡയലോഗ് ആന്‍ഡ് ഡെവലപ്മെന്റ് കമ്മീഷന്‍ വൈസ് ചെയര്‍പേഴ്സണായി ദല്‍ഹി സര്‍ക്കാര്‍ നിയമിച്ച ജാസ്മിന്‍ ഷാ എന്നിവര്‍ക്കെതിരെയായിരുന്നു ഗവര്‍ണര്‍ പരാതി സമര്‍പ്പിച്ചത്.

ഗവര്‍ണറെ അപമാനിക്കുന്ന പോസ്റ്റുകളും ട്വീറ്റുകളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നായിരുന്നു പരാതിയിലെ ആവശ്യം.

ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ (കെ.വി.ഐ.സി) ചെയര്‍മാനായിരിക്കെ സക്സേനയും കുടുംബവും 1400 കോടി രൂപയുടെ അഴിമതി നടത്തിയെന്നായിരുന്നു എ.എ.പിയുടെ ആരോപണം. കെ.വി.ഐ.സി ചെയര്‍മാനെന്ന നിലയില്‍ മകള്‍ക്ക് കരാര്‍ നല്‍കിയെന്നും ഇത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നുമായിരുന്നു എ.എ.പിയുടെ ആരോപണം.

അതേസമയം ഇടക്കാല ഉത്തരവാണ് പാസാക്കിയതെന്നും വിശദ ഉത്തരവ് വഴിയെ ഉണ്ടാകുമെന്നും ജസ്റ്റിസ് അമിത് ബന്‍സാല്‍ പറഞ്ഞു.

കഴിഞ്ഞ വ്യഴാഴ്ചയായിരുന്നു കോടതി കേസ് പരിഗണിച്ചത്. പിന്നീട് വിധി പറയാന്‍ മാറ്റുകയായിരുന്നു. രണ്ട് കോടി രൂപ നഷ്ടപരിഹാരമാണ് സക്‌സേന ആവശ്യപ്പെട്ടിരിക്കുന്നത്.

എ.എ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഇ.ഡി നടത്തുന്ന പരിശോധനകളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാന്‍ പാര്‍ട്ടി ബോധപൂര്‍വം നടത്തിയ ആരോപണങ്ങളണിതെന്നാണ് ഗവര്‍ണര്‍ പരാതിയില്‍ ആരോപിക്കുന്നത്.

ആം ആദ്മി പാര്‍ട്ടിയും പ്രവര്‍ത്തകരും പങ്കുവെച്ച ട്വീറ്റുകള്‍ അടിസ്ഥാനരഹിതമാണെന്നും ഗവര്‍ണറെ അപകീര്‍ത്തിപ്പെടുത്താന്‍ ചെയ്തതാണെന്നും കോടതി പറഞ്ഞു. വിഷയവമുായി ബന്ധപ്പെട്ട് ട്വീറ്റുകളോ, കമന്റുകളോ, വീഡിയോയോ മറ്റ് അനുബന്ധ ഓണ്‍ലൈന്‍ കണ്ടന്റുകളോ പങ്കുവെക്കുന്നതില്‍ നിന്ന് അഞ്ച് നേതാക്കള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlight: Delhi highcourt ordered AAP party and its members to remove all posts and tweets defaming governor