| Friday, 4th August 2023, 1:16 pm

'ഇന്ത്യ'ക്കെതിരായ ഹരജി; 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നോട്ടീസ് അയച്ച് ദല്‍ഹി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യയെന്ന് പേര് നല്‍കിയതിരെതിരായ ഹരജിയില്‍ 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നോട്ടീസ് അയച്ച് ദല്‍ഹി ഹൈക്കോടതി. ആഭ്യന്തര മന്ത്രാലയം, വാര്‍ത്താ വിതരണ വകുപ്പ് , തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവരില്‍ നിന്നും ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ, ജസ്റ്റിസ് അമിത് മഹാരാജന്‍ എന്നിവടങ്ങിയ ബെഞ്ച് അഭിപ്രായം തേടിയിട്ടുണ്ട്. കേസിന്റെ വാദം ഒക്ടോബര്‍ 21ന് കേള്‍ക്കുമെന്നും കോടതി അറിയിച്ചു.

ഇന്ത്യ സഖ്യത്തിലെ 26 പാര്‍ട്ടികള്‍ക്കെതിരെ താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ജൂലൈ 19ന് നല്‍കിയ പരാതിയില്‍ ഇതുവരെ നടപടിയൊന്നും ഉണ്ടായില്ലെന്ന് ഭരദ്വാജിന്റെ അഭിഭാഷകന്‍ പറഞ്ഞു. ‘ഇന്ത്യയെന്ന പേര് നല്‍കിയത് തടയുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്നും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. കോടതിയില്‍ റിട്ട് ഹരജി നല്‍കുകയല്ലാതെ ഹരജിക്കാരന് മറ്റ് മാര്‍ഗമൊന്നുമില്ല,’ ഹരജിയില്‍ പറയുന്നു.

ഇന്ത്യയെന്ന ചുരുക്കപേര് ഉപയോഗിക്കാതിരിക്കാനുള്ള നിര്‍ദേശം ഇന്ത്യക്ക് നല്‍കണമെന്നും വിഷയത്തില്‍ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും ആശ്യപ്പെടണമെന്നും കാട്ടിയായിരുന്നു ഹരജി. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ വേണ്ടിയാണ് പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യയെന്ന പേര് നല്‍കിയിരിക്കുന്നതെന്നും ഹരജിയില്‍ പറയുന്നു.

‘ഇന്ത്യയെന്ന ചുരുക്കപേര് ഉപയോഗിക്കുന്നത് നിഷ്‌കളങ്കരായ പൗരന്മാരുടെ ശ്രദ്ധയും അനുകമ്പയും പിടിച്ചുപറ്റാനും വോട്ട് നേടാനുമാണ്. രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ഉപകരണമായി ഇന്ത്യയെന്ന പേരിനെ ഉപയോഗിക്കുകയാണ്,’ ഹരജിയില്‍ പറയുന്നു.

ദേശീയ ചിഹ്നത്തിന്റെ ഭാഗമായ ഇന്ത്യയെന്ന ചുരുക്കപേര് രാഷ്ട്രീയ, കൊമേഴ്ഷ്യല്‍, പ്രൊഫഷണല്‍ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് എബ്ലം ആന്‍ഡ് നെയിം ആക്ട് 1950തിന്റെ ലംഘനമാണെന്നും ഹരജിയിലുണ്ട്. സഖ്യത്തിന് ഇന്ത്യയെന്ന് പേരിട്ടിരിക്കുന്നത് 2024ലെ തെരഞ്ഞെടുപ്പിന്റെ സുതാര്യതയെ പ്രതികൂലമായി ബാധിക്കുമെന്നും ഹരജിയില്‍ പറയുന്നു.

Content Highlights: Delhi Highcourt issue notice to 26 opposition parties over pls against use of acronym india

Latest Stories

We use cookies to give you the best possible experience. Learn more