| Thursday, 27th February 2020, 3:49 pm

'ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഉടന്‍ കേസെടുക്കില്ല'; വിദ്വേഷ പ്രസംഗങ്ങളുടെ വീഡിയോ പരിശോധിക്കാന്‍ പൊലീസിന് സമയം അനുവദിച്ച് ഹൈക്കോടതി; കേസ് ഏപ്രില്‍ 13 ലേക്ക് മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തിലേക്ക് വഴിവെക്കുന്ന രിതിയിലുള്ള വിദ്വേഷ പ്രസംഗങ്ങള്‍ പരിശോധിക്കാന്‍ ദല്‍ഹി പൊലീസിന് സമയം അനുവദിച്ച് ഹൈക്കോടതി. നാലാഴ്ചത്തെ സമയമാണ് കോടതി പൊലീസിന് നല്‍കിയത്.

കപില്‍ മിശ്ര അടക്കമുള്ള നേതാക്കളുടെ വീഡിയോകള്‍ പരിശോധിക്കാനും റിപ്പോര്‍ട്ട് ഹാജരാക്കാനുമാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ബി.ജെ.പി നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ ഇടണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി പരിഗണിച്ചില്ല.

കേസില്‍ കേന്ദ്രസര്‍ക്കാരിനെ കൂടി കക്ഷി ചേരാന്‍ അനുവദിക്കണമെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ആവശ്യവും കോടതി അംഗീകരിച്ചു.

വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ആര്‍ക്കെതിരെയും എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഇത്തരത്തില്‍ കേസെടുക്കുന്നതിലൂടെ ദല്‍ഹിയിലെ സമാധാനാന്തരീക്ഷം തിരിച്ചുകൊണ്ടുവരാന്‍ സാധിക്കില്ലെന്നുമായിരുന്നു ദല്‍ഹി പൊലീസിന് വേണ്ടി ഹാജരായ തുഷാര്‍ മേത്ത വാദിച്ചത്.

ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് 48 എഫ്.ഐ.ആറുകള്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ദല്‍ഹി പൊലീസ് കോടതിയെ അറിയിച്ചിരുന്നു. കേസില്‍ ഏപ്രില്‍ 13 ന് മുന്‍പായി വിശദീകരണം നല്‍കാന്‍ ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

കലാപവുമായി ബന്ധപ്പെട്ട് 106 പേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നുമായിരുന്നു ദല്‍ഹി പൊലീസ് കോടതിയെ അറിയിച്ചത്. പുറത്തുനിന്നെത്തിയ ചിലയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പൊലീസ് കോടതിയെ അറിയിച്ചു.

ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ദല്‍ഹി പൊലീസിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത് തുഷാര്‍ മേത്തയുടെ കീഴിലുള്ള അഭിഭാഷകരാണ്. തുഷാര്‍ മേത്തയേയും മറ്റ് മൂന്ന് പേരെയുമായിരുന്നു ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ദല്‍ഹി പൊലീസിന് വേണ്ടി ഹാജരാകാന്‍ നിര്‍ദേശിച്ചത്.

പൗരത്വ നിയമപ്രശ്‌നത്തില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ബി.ജെ.പി നേതാക്കള്‍ നടത്തിയ പ്രസംഗങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ദല്‍ഹി ഹൈക്കോടതിയില്‍ ബുധനാഴ്ച പ്രദര്‍ശിപ്പിച്ചിരുന്നു.

പ്രസംഗങ്ങള്‍ കേട്ടില്ലെന്ന് കോടതിയിലുണ്ടായിരുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥരും പറഞ്ഞപ്പോഴായിരുന്നു ജസ്റ്റിസ് എസ് മുരളീധര്‍ വീഡിയോ ക്ലിപ് പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശിച്ചത്.

സംഘര്‍ഷത്തെ കുറിച്ചു പ്രത്യേക സംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ടു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാത്തതും ഹരജിയില്‍ ചോദ്യം ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more