| Wednesday, 5th May 2021, 4:19 pm

'അതിലും പ്രധാനപ്പെട്ട കാര്യങ്ങള്‍ വേറേയുണ്ട്'; പ്രിയ രമാണി വിധിയ്‌ക്കെതിരെ എം.ജെ അക്ബര്‍ നല്‍കിയ അപ്പീല്‍ നീട്ടി ദല്‍ഹി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാനനഷ്ടക്കേസില്‍ നിന്ന് മാധ്യമപ്രവര്‍ത്തക പ്രിയ രമാണിയെ കുറ്റവിമുക്തയാക്കിയ വിധിക്കെതിരെ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ച മുന്‍ കേന്ദ്രമന്ത്രി എം.ജെ അക്ബറിന് രൂക്ഷവിമര്‍ശനവുമായി ദല്‍ഹി ഹൈക്കോടതി. അപ്പീലിനേക്കാള്‍ പ്രാധാന്യമുള്ള മറ്റ് കാര്യങ്ങള്‍ വേറെയുണ്ടെന്നാണ് കോടതി പറഞ്ഞത്.

‘ഇത് ഒരുപാട് പരിഗണന അര്‍ഹിക്കുന്ന വിഷയമല്ലല്ലോ. അതിലും പ്രധാനപ്പെട്ട വേറെ കാര്യങ്ങളുണ്ട്. അടിയന്തരമായി തീര്‍പ്പാക്കേണ്ട കാര്യമൊന്നുമല്ലല്ലോ,’ ജസ്റ്റിസ് മുക്ത ഗുപ്ത പറഞ്ഞു.

അപ്പീല്‍ തീര്‍പ്പാക്കുന്നത് ആഗസ്റ്റ് 11 ലേക്ക് മാറ്റിവെച്ചതായും കോടതി അറിയിച്ചു.

1994ല്‍ ജോലിക്കായുള്ള ഒരു അഭിമുഖത്തിന് മുംബൈയിലെ ഹോട്ടല്‍ മുറിയില്‍ എത്തിയ തനിക്ക് അക്ബറില്‍ നിന്ന് മോശം അനുഭവം നേരിട്ടെന്നായിരുന്നു പ്രിയാ രമാണിയുടെ വെളിപ്പെടുത്തല്‍. 2018ലായിരുന്നു പ്രിയാ രമാണി വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

ഇതിന് പിന്നാലെ ഇരുപതോളം സ്ത്രീകള്‍ എം. ജെ അക്ബറിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തി.

വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ എം. ജെ അക്ബറിന് രാജിവെക്കേണ്ടി വന്നു. തുടര്‍ന്ന് പ്രിയാ രമാണിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും തനിക്ക് മാനനഷ്ടം സംഭവിച്ചുവെന്നും ചൂണ്ടിക്കാട്ടി എം. ജെ അക്ബര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

അക്ബര്‍ നല്‍കിയ മാനനഷ്ടകേസ് നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയ കോടതി 2021 ഫെബ്രുവരി 17 ന് കേസ് തള്ളുകയായിരുന്നു. ഇതിനുപിന്നാലെയാണ് അപ്പീലുമായി അക്ബര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Delhi Highcourt Denies MJ Akbars Appeal Aganist Priya Ramani

We use cookies to give you the best possible experience. Learn more